Wednesday, May 24, 2017

Akhila Simi

പുരയും മേൽക്കൂരയും നിറഞ്ഞ് പെണ്ണൊരുത്തി നിൽക്കുന്ന ആധി അമ്മയ്ക്കും,, ഇവൾക്കേതാണ്ട് ഡിങ്കോൾഫിക്കേഷനുണ്ടെന്ന ത്വര നാട്ടുകാർക്കും ഉള്ളതുകൊണ്ട് നിവർത്തിയില്ലാതായ പാവം എന്നെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ....

അങ്ങനെ നാട്ടുകാരുടെ ആക്രാന്തം സഹിക്കാതായപ്പോഴാണ് മാട്രിമോണിയലുകളിലെ ഹിന്ദു യുവതി, 27 വയസ്, ആയി ഞാൻ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.... പല തന്ത്രങ്ങൾ പയറ്റി എസ്കേപ്പ് ആകാൻ നോക്കിയെങ്കിലും അമ്മ അവസാന ആയുധം എടുത്തു.... " അമ്മയ്ക്ക് ഒരു കുഞ്ഞിക്കാൽ കാണണമത്രേ... "...
എന്റെ ,അത്രയും നാൾ എല്ലാ ഉടായിപ്പുകൾക്കും കൂട്ട് നിന്ന ചേട്ടനെ കൂട്ട് പിടിച്ച് അമ്മ മാതൃ ഭൂമി മാട്രിമോണിയലിൽ നിന്ന് ഒരു പയ്യനെ തപ്പിയെടുത്തു......

ആ പയ്യനാണ് ഇന്ന് രാവിലെ 10.15നുള്ള ശുഭമുഹൂർത്തത്തിൽ ഇവിടെ വന്ന ആ പയ്യൻ...
30 വയസ്സ് കഴിഞ്ഞ, എറണാകുളത്തുകാരന് നല്ല ഉയരവും നിറവും ഉണ്ടായിരുന്നു..ഇൻഫോ പാർക്കിൽ പുകച്ചു പുകച്ചാകും തലമുടി നെറ്റി കയറിയത്... ചായയും കാലാകാലങ്ങളായുള്ള പതിവ് പലഹാരങ്ങളും നിരത്തി വച്ച് പെണ്ണുകാണൽ ചടങ്ങ് തുടങ്ങി.. പേര്.. ജോലി.. എല്ലാം വീണ്ടും ചോദിച്ചു.. ഇടക്ക് ഇൻഫോ പാർക്കുകാരൻ വീടിന്റെ ചുമർ.. കർട്ടൻ... ഷോകേസ് എല്ലാം നോക്കുന്നുണ്ട്.... എന്റെ രണ്ടു സുഹൃത്തുക്കളുടെ മുഖത്തും ഇൻഫുവിന്റെ കണ്ണുടക്കുന്നത് കോങ്കണ്ണിട്ട് നോക്കിയപ്പോൾ ഞാൻ കണ്ടു...

അൽപ നേരം കഴിഞ്ഞ് ഇൻഫുവിന്റെ മച്ചാൻ ഞങ്ങൾക്ക് മാത്രം സംസാരിക്കാനുള്ള അവസരം ഒരുക്കിത്തന്നു...
അത്രയൊന്നും വിശാലമല്ലാത്ത മുറിയിൽ കയറിയ ഇൻഫു ചോദിച്ചത് ഏ.സി ഉണ്ടോ എന്നായിരുന്നു.... "ഇല്ല "ടേബിൾ ഫാൻ ഓണാക്കാൻ നേരം ഞാൻ പറഞ്ഞു...

ചെറിയ കസേരയിൽ ഇരുന്നു ഇൻഫു... "ഇതെന്റെ ആറാമത്തെ പെണ്ണുകാണലാണ് മിസ്.അഖില.... ആരും എന്റെ കൺസെപ്റ്റിനൊത്ത് വന്നില്ല.... യൂ നോ.. ആം വെരി പർട്ടിക്കുലർ "
ഇൻഫു തുടർന്നു....... ഞാൻ പഠിച്ച തൊക്കെ പുറത്താണ്... എന്റെ കാഴ്ചപ്പാട് അൽപം ഡി ഫ്രന്റാണ്... പറയാമല്ലോ?..
പറഞ്ഞോളൂ.. ഞാൻ അനുവദിച്ചു..
പുളളി ഒരു നെടു നീളൻ ലിസ്റ്റ് ഇറക്കി.... പകച്ചു പോയി ഞാൻ.....

പുള്ളിക്ക് രണ്ട് കൂട്ടുകാരേ ഉള്ളൂ..... ഒന്ന് ജോജി.. ഒന്ന് റെയ്ച്ചൽ... അവരെ മാത്രമേ വീട്ടിൽ വിളിക്കാറുള്ളു,,, ആ വീടുകളേ പുളളി പോകാറുമുള്ളത്രേ.. അതും വ്യക്തിപരമായ ചടങ്ങുകൾക്ക് ഇന്റർഫിയർ ചെയ്യില്ല പോലും... പിന്നെയും കുറെ കൺസെപ്പ് റ്റുകൾ ....... ഇനി മിസ്.അഖിലയെപ്പറ്റി.... നോക്ക്... വി ആർ ഫ്രം കൊച്ചി... ലൈഫ് ഇസ് ഡി ഫ്രന്റ് ..... കുറച്ചു കൂടി വ്യക്തമായിപ്പറഞ്ഞാൽ ഈ ഗ്രാമത്തിലെ പ്പോലെയല്ല... അവിടെ എല്ലാം വേറൊരു രീതിയാണ്... ഈ നീളൻ മുടിയും കൺമഷിക്കണ്ണും മഞ്ഞൾ കുറിയുമൊക്കെ അവിടെ ഫണ്ണി ഇംപ്രഷനേ ഉണ്ടാക്കൂ.... പിന്നെ എന്റെ രണ്ടു ഫ്രണ്ട്സും പ്രൊഫഷണൽസാണ്.. ടീച്ചിങ്ങ് ഇസ് ഗുഡ്..ബട്ട് യൂ കാൻ ട്രൈ ഫോർ ബെറ്റർ...

എന്റെ സിസ്റ്റർ മാരീഡാണ്.. അവളുടെ വീട്ടിൽ എന്റെ പാരന്റ്സ് പോകാറില്ല... ജയ ദീപിനെ എന്റെ മമ്മി ജയ് എന്നാ വിളിക്കുന്നത്.. മോനേ.. മക്കളേ... ഐ ഡോണ്ട് ലൈക്ക്....... :
എന്റെ വൈഫ് എനിക്ക് സൊസൈറ്റിയിൽ ഇൻട്രൊഡ്യൂസ് ചെയ്യാൻ പറ്റുന്ന ആളാവണം... അത്രേയുള്ളൂ... കുറെ ചേഞ്ച് വരുത്ത്തിയാൽ യൂ ആർ ഓക്കെ...." കൺസെപ്റ്റ് ലിസ്റ്റ് മടക്കി ഇൻഫു എഴുന്നേറ്റു... വൈകിട്ട് വിളിക്കാമെന്നും അപ്പോൾ പറഞ്ഞാൽ മതിയെന്നും...
അങ്ങനെ ഇൻഫു പടിയിറങ്ങി....
മുറിയിലെ കണ്ണാടിയിൽ നോക്കി ഞാൻ ആത്മപരിശോധന നടത്തി.... ഈ മുടി വെട്ടി കളറു ചെയ്ത് ജീൻസും ടോപ്പുമിട്ട എന്നെ ഞാൻ ഓർത്തുനോക്കി....

എന്റമ്മേ... ഇൻഫുവിന്റെ ഫ്രിക്കൻമാരായ കൂട്ടുകാരെയും നാട്ടിൻ പുറത്തെ സാധാരണ ജോലിക്കാരായ എൻറെ കൂട്ടുകാരെയും ചിന്തിച്ചു നോക്കി.... വീട്ടിൽ എന്തുണ്ടായാലു അവരെത്തും...ഇല്ലായ്മകളിൽ മടികൂടാതെ പരസ്പരം സഹായിച്ചും...... അവരെ മാറ്റി നിർത്തി ഒരു ജീവിതം...ഹൊ! വയ്യ...
ഇൻഫു ചായ കുടിക്കാൻ മടിച്ചിരുന്നപ്പോൾ " മക്കളേ ചായ എടുത്ത് കുടി" എന്നു പറഞ്ഞ എന്റെ അമ്മയെ ചുരിദാറും കൂളിംഗ് ഗ്ലാസുമിട്ട മമ്മിയാക്കിയാൽ........ ദൈവം പൊറുക്കൂല....
എല്ലാം പോട്ടെ.... കാക്കയും പൂച്ചക്കും കൊടുക്കാതെ അരപ്പട്ടിണീം മുഴു പട്ടിണീം കിടന്ന് കഷ്ടപ്പെട്ട് പഠിപ്പിച്ച് കരപറ്റിച്ച ചേട്ടനേം അമ്മേം എറണാകുളത്തെ മുന്തിയ കർട്ടനും കണ്ണാടി പോലെ തിളങ്ങുന്ന ഭിത്തിയുമുള്ള വീട്ടിലേക്ക് വരണ്ട എന്നു പറയേണ്ടി വരുന്നത്...... അൺ സഹിക്കബിൾ....
ഈ ടീച്ചർ വേഷം മാറ്റി മറ്റെന്തണിഞ്ഞാലും എനിക്കു ചേരില്ല......
ഇല്ല..... ഇൻഫു ഏഴാമത്തെ പെണ്ണിനെ തിരക്കട്ടെ.....
അമ്മയോട് എന്തു പറയുമെന്നാലോചിച്ച് നിൽക്കുമ്പോൾ ദേ മുന്നിൽ അമ്മ.....

'മക്കളേ...... നിനക്ക് ഇത് മതിയെങ്കിൽ നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം...... നമുക്ക് പറ്റോ ഇത്... അവർക്ക് നമ്മുടെ ഗ്രാമോം മണ്ണു നിറഞ്ഞ വഴിയും ഒന്നും പിടിച്ച മട്ടില്ല.... പെണ്ണിനെ മാത്രം ഇഷ്ടായിട്ട് എന്താ...ല്ലേ?...
മുപ്പത് ലഡു ഒറ്റയടിക്ക് പൊട്ടിയ മനസ്സോടെ അമ്മക്ക് ഒരുമ്മ കൊടുത്തു ഞാൻ..... എന്റെ മനസ് അറിഞ്ഞതിന്...... അമ്മ ഹാപ്പി... ഞാൻ ഡബിൾ ഹാപ്പി.... ഗ്രാമത്തിലെ കുഞ്ഞിക്കാലുകളുടെ ഹോൾ കെയർടേക്കായ സന്ധ്യ ടീച്ചറുടെ അംഗൻവാടിയിലെ പതിമൂന്നു ജോടി കുഞ്ഞിക്കാലുകൾ ഡെയ്ലി കാണിച്ചു കൊടുക്കാമെന്ന കട്ടച്ചളി അടിച്ച്
ബാക്കി വന്ന പലഹാരങ്ങൾ കഴിക്കാൻ അടുക്കളയിലേക്ക് ഞാനും   ഉണക്കാനിട്ടിരുന്ന ഗോതമ്പു ചിക്കിയിടാൻ മുറ്റത്തേക്ക് അമ്മയും  നടന്നു.....

വിവാഹം... ഒരു ചടങ്ങിനപ്പുറം അതൊരു കൂട്ടിച്ചേരലുമല്ലേ...മനസ്സൊന്നല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ..... ഏച്ചുകെട്ടിച്ച് മുഴപ്പിക്കുന്നതിലും 'ഭേദം ......
.ഒരേ കൂരയ്ക്കു കീഴിൽ മനസ് കൊണ്ട് അകന്നു ജീവിക്കേണ്ടി വരുന്നത് എത്ര സങ്കടമാണ്......
മനസ്സുകൊണ്ട് അടുപ്പവും സ്വാതന്ത്ര്യവുമുള്ളവർക്കല്ലേ നമ്മളെയും നമുക്ക് അവരെയും സ്നേഹിക്കാനാവൂ?????? അതല്ലേ ശരിക്കുമുള്ള ജീവിതം..??

രചന: Akhila Simi

Prajith Surendrababu

" എന്താ അമ്മേ വിളിച്ചത് ഞാൻ ഓഫിസിൽ അൽപം തിരക്കിലായി പോയി അതാ അപ്പോൾ ഫോൺ എടുക്കാത്തത്."

"മോനെ... അത്... നീ ഫ്രീ ആണേൽ സിറ്റി ഹോസ്പിറ്റൽ വരെ ഒന്നു വാ മീര മോൾക്ക് ...ഒരു ചെറിയ ആക്സിഡന്റ് പേടിക്കാനൊന്നുമില്ല." പ്രവീൺ ഒന്നു ഞെട്ടി

"അമ്മേ അവൾ ...." അവന്റെ തൊണ്ടയിടറി.

" ഒന്നുമില്ലടാ.. ചെറിയൊരു പരിക്ക് അത്രേ ഉള്ളൂ നീ ഇങ്ങു വന്നേ.. " നിസാരമായി ലക്ഷ്മി പറഞ്ഞു.

"ഞാൻ വരാം അമ്മാഇപ്പൊ തന്നെ വരാം"

ഫോൺ കട്ടാകുമ്പോൾ സർവ്വ നിയന്ത്രണവും വിട്ട പൊട്ടി കരഞ്ഞു പോയി ലക്ഷ്മി....

റോഡിലെ തിരക്കുകളെ കീറിമുറിച്ച് പായുകയായിരുന്നു പ്രവീണിന്റെ കാർ...

സ്കൂൾ അദ്ധ്യാപികയായ ലക്ഷ്മിയുടെ ഏക മകനാണ് പ്രവീൺ ഭർത്താവ് മരിച്ചിട്ടും ഒരു ബുദ്ധിമുട്ടും അറിയാണ്ട തന്നെയാണ് പ്രവീൺ വളർന്നത്.ഇന്നിപ്പൊ കാർഷിക വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് പ്രവീൺ. വിവാഹ പ്രായമായപ്പോൾ ഒരു പാവപ്പെട്ട കുടുംബത്തിന്നു ഒരു പാവം കുട്ടി മതിന്നു തീരുമാനിച്ചതും അമ്മയും മകനും ഒന്നിച്ചാണ്.അങ്ങിനെ ഒരു പാട് തിരഞ്ഞ് ഒടുവിൽ കണ്ടെത്തിയതാണ് മീരയെ,
മണ്ണിനെ സ്നേഹിച്ച് ഒടുവിൽ കടക്കെണിയിലേക്ക് തള്ളപ്പെട്ട കർഷകനായ അച്യുതന്റെയും മാധവിയുടെയും രണ്ടു പെൺമക്കളിൽ മൂത്തവൾ. ഇളയവൾ മീനു സ്കൂൾ വിദ്യാർത്ഥിയാണ്

മീര പഠിക്കാൻ മിടുക്കി ആയതു കൊണ്ട് കടം വാങ്ങിയും പഠിപ്പിച്ചു അച്യുതൻ. എങ്ങനെയും ഒരു ജോലി നേടണം അച്ഛന്റെ കടങ്ങൾ ഒക്കെ തീർക്കണം നന്നായിട്ട് അവരെ നോക്കണം:.. മീരയുടെ ഏക ലക്ഷ്യം അതാണ്.പെണ്ണുകാണലിന്റെ ദിവസം പ്രവീണിനോട് തുറന്നു സംസാരിച്ചതാണ് അവൾ. അന്ന് അവൻ മനസിൽ ഉറപ്പിച്ചു. തന്റെ പെണ്ണ് ഇവൾ തന്നെയാ..... ഒരു വർഷം കഴിഞ്ഞു മതി വിവാഹം എന്ന് തീരുമാനിച്ചത് പ്രവീൺ ആണ്. മീരക്ക് തന്റെ ലക്ഷ്യത്തിലേക്ക് അടുക്കാനുള്ള സമയമായിരുന്നു ആ ഒരു വർഷം അതിനിടയിൽ അവൾ പരസ്പരം അറിഞ്ഞു അടുത്തു .അവൾടെ കുഞ്ഞുകുഞ്ഞു കഷ്ടപ്പാടുകൾക്കെല്ലാം താങ്ങായി തണലായി കൂടെ നിന്നു അവൻ ലക്ഷ്മിക്കും അവൾ സ്വന്തം മകളെ പോലെ ആയിരുന്നു.

ഇനി ഒരു മാസം കൂടിയേ കാത്തിരിപ്പുള്ളൂ മീരയുടെ കഴുത്തിൽ അവന്നു താലിചാർത്താൻ.........

പ്രവീൺ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ എല്ലാരും ഉണ്ടായിരുന്നു. ഐ. സി .യു വിനു മുന്നിൽ വിറങ്ങലിച്ച മനസുമായി എല്ലാർക്കുമൊപ്പം അവനും നിന്നു.
മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പിനൊടുവിൽ ഡോക്ടർ പുറത്തേക്കു വന്നു.

"പേടിക്കാനൊന്നുമില്ല കുട്ടി അപകടനില തരണം ചെയ്തു... പക്ഷെ......"
ഒരു നിമിഷത്തേക്ക് എല്ലാരുടെയും മുഖത്തേക്ക് ഇരച്ചു കയറിയ സന്തോഷത്തെ തല്ലി കെടുത്തി കൊണ്ട് ഡോക്ടർ തുടർന്നു

" തുറന്നു പറയുന്നതു കൊണ്ട് വിഷമം തോന്നരുത്. ഇടിയുടെ ആഘാതത്തിൽ... അരയ്ക്ക് താഴേക്ക്......... ഇനി ഒരിക്കലും എഴുന്നേറ്റു നടക്കില്ല എന്നല്ല പക്ഷെ.. സമയമെടുക്കും.....

കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി പ്രവീണിന് ഡോക്ടറുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങികേട്ടുകൊണ്ടിരുന്നു. ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ എന്തൊക്കെയോ കണ്ടു അവൻ. തളർന്നുവീഴുന്ന മാധവിയെ കരഞ്ഞുകൊണ്ട് താങ്ങി പിടിക്കുന്നു ലക്ഷ്മി നിശ്ചലനായി അച്യുതൻ... എല്ലാരിൽ നിന്നും മാറി ഒറ്റ ക്കനിന്നു പൊട്ടി 'കരയുന്ന മീനു.... മറ്റു ബന്ധുക്കൾ.... അങ്ങനെ കണ്ണിനു മുന്നിൽ കുറേ ദൃശ്യങ്ങൾ. അവൻ പതുക്കെ തിരിഞ്ഞു നടന്നു.. മനസു നിറയെ മീരയായിരുന്നു.. അവളുടെ സ്വപ്നങ്ങളായിരുന്നു.

"പ്രവീണേട്ടാ വിവാഹം കഴിഞ്ഞ് ഒഴിവു ദിവസങ്ങളിലെല്ലാം വൈകുന്നേരം നമുക്ക് ബീച്ചിൽ പോണം എന്നിട്ട് ഏട്ടന്റെ കയ്യും പിടിച്ച് അവിടൊക്കെ ചുറ്റി നടക്കണം, പിന്നെ ആ മൊട്ട മലയില്ലെ അതിനു മുകളിൽ കേറണം പണ്ടു തൊട്ടേ എന്റെ ആഗ്രഹാ.. അന്നൊന്നും ആരും ഇല്ലാരുന്നു ഒന്ന് കൊണ്ടുവരാൻ അതിനു മുകളിൽ കേറ്യാൽ ഈ സിറ്റി മൊത്തം കാണാംന്നാ പറയുന്നെ നമുക്ക് ഓടി കയറണം ആരാ ആദ്യം എത്താന് അറ്യാല്ലോ....." അവളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ..... ഇനി എങ്ങനെ അതൊക്കെ സാധിക്കും... പ്രവീണിന്റെ കണ്ണുകൾ നിറഞ്ഞു.......

ഒരാഴചയെടുത്തു മീരയെ വാർഡിലേക്ക് മാറ്റാൻ .ഇതിനിടയിൽ പ്രവീണിന്റെ വീട്ടിൽ നിരന്തരം ചർച്ചകൾ നടന്നു കുടുംബത്തിലെ മുതിർന്നവർ പല പല അഭിപ്രായങ്ങൾ മുന്നോട്ടുവച്ചു.ലക്ഷ­്മിയും പ്രവീണും മൗനം പാലിച്ചു. ഒടുവിൽ തീരുമാനമായി' ഇനി ഈ വിവാഹം വേണ്ട സഹതാപം അല്ല ജീവിതം ജീവിച്ച് തുടങ്ങുമ്പോൾ അതു മനസിലാകും...

" ഞാൻ തന്നെ അച്യുതനെ കാര്യങ്ങൾ അറിയിക്കാം" മുതിർന്ന അമ്മാവൻ ആ ദൗത്യം ഏറ്റെടുത്തു.നെഞ്ചു പൊട്ടുന്ന വേദനയോടെ ലക്ഷ്മി പ്രവീണിനെ നോക്കി. ഒരു ഭാവമാറ്റം പോലും ആ മുഖത്ത് അവർ കണ്ടില്ല.... മറന്നുവോ ഇത്ര പെട്ടെന്ന് മീരയെ അവൻ....

ഹോസ്പിറ്റൽ കിടക്കയിൽ മരവിച്ച അവസ്ഥയിൽ ആയിരുന്നു മീര. ചലനമറ്റ തന്റെ കാലുകളിൽ ഇമവെട്ടാതെ നോക്കിയിരുന്നു അവൾ ' തന്റെ സ്വപ്നങ്ങൾ എല്ലാം അവസാനിച്ചിരിക്കുന്നു ഇനി എല്ലാർക്കും ഭാരമായി... അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അതിലേറെ അവളെ വിഷമിപ്പിച്ചത് മറ്റൊന്നായിരുന്നു വാർഡിലേക്ക എത്തിയപ്പോൾ മുതൽ ഏറെ കാണാൻ ആഗ്രഹിച്ച ഒരു മുഖം....പ്രവീൺ

" അച്ഛാ പ്രവീണേട്ടനും അമ്മയും വന്നില്ലെ എന്നെ കാണാൻ ഒന്നു വിളിച്ചു കൂടി ഇല്ലല്ലോ"

മകളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാണ്ട് പതറി അച്യുതൻ.. മറച്ചുവച്ചിട്ട് കാര്യമില്ല എന്നായാലും അവൾ അറിയണം ഇപ്പോഴാകുമ്പോൾ ഈ വേദനക്കൊപ്പം അതുകൂടി അലിഞ്ഞു ചേർന്ന് ഒന്നായിക്കോളും..

" അച്ഛൻ എന്താ ഈ ആലോചിക്കുന്നെ ഞാൻ ചോദിച്ചത് കേട്ടില്ലേ...."

"അത് മോളെ... അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"എന്റെ കുട്ടിക്ക് വിധി ഇല്ല എന്ന് കരുതുക.... ആ ആഗ്രഹം മനസിൽ തന്നെ കുഴിച്ചുമൂടണം എന്റെ മോള്..."

മീരയുടെ മനസ്സൊന്നു പിടഞ്ഞു
പൂർണ്ണമായും താൻ തകർന്നിരിക്കുന്നു... ഒന്നു മരിച്ചു കിട്ടിയെങ്കിൽ എന്നവൾ ആശിച്ചു. പിടിച്ചു നിൽക്കാനായില്ല അവൾക്ക് കൈകൾ കൊണ്ട് മുഖം പൊത്തി പൊട്ടി കരഞ്ഞു അവൾ... ഒപ്പം നിസഹായരായ ആ അച്ഛനും അമ്മയും അനുജത്തിയും...
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നോണം മീര തല ഉയർത്തി. കണ്ണുകൾ തുടച്ചു.

" അല്ലേലും പ്രവീണേട്ടനെ ഞാൻ കുറ്റം പറയില്ല അച്ഛാ ഈ ഭാരം ജീവിതകാലം ചുമക്കാൻ ആരാ തയ്യാറാവുക... എന്റെ ജീവിതം ഇനി വീൽചെയറിൽ ആണ്. ഒരു തുണ ഞാൻ ആഗ്രഹിച്ചപ്പോൾ ദൈവം അറിഞ്ഞു തന്നതാ ഈ വീൽ ചെയർ... എന്റെ വിധി എന്റേതു മാത്രം ഇനി ഞാൻ കരയില്ലച്ഛാ... ഈ അവസ്ഥയിൽ ഞാൻ പൊരുതും എന്റെ ജീവിതത്തോട്..

വളരെ ഉറച്ചതായിരുന്നു ആ സ്വരം
തലയിൽ ആരോ തലോടുന്നതറിഞ്ഞാണ് മീര ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. കൺമുന്നിൽ ലക്ഷ്മിയെ കണ്ട് ഒരു നിമഷം അവളൊന്നു പതറി.ലക്ഷ്മി മാത്രമല്ല പിന്നിൽ താൻ ഏറെ കാണാൻ ആഗ്രഹിച്ച ആ മുഖം... പ്രവീൺ കൂടെ ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു

മീരയുടെ നെഞ്ചൊന്ന് പിടഞ്ഞു.മനസിലെ വേദന മുഖത്ത് കാട്ടാണ്ട് അവൾ പുഞ്ചിരിച്ചു.

"അല്ല ഇതാരൊക്കെയാ എവിടാരുന്നു.... "

"ഞങ്ങൾ ആലപ്പുഴ വരെ ഒന്നു പോയിരുന്നു മോളെ.ദേ ഇവളെ ഒന്ന് കൂട്ടിക്കൊണ്ട് വരാൻ " കൂടെയുള്ള പെൺകുട്ടിയെ നോക്കി ലക്ഷ്മി പറഞ്ഞു.

" ഇത് ആരാ അമ്മെ? "

" ഇത് മായ.. ഇവന്റെ അമ്മാവന്റെ മകളാ ഡോക്ടറാണ് "ലക്ഷ്മി

പരിചയപ്പെടുത്തി.മായ മീരയെ നോക്കി പുഞ്ചിരിച്ചു.തിരിച്ചും...

" പ്രവീണേട്ടാ എന്താ ഒന്നും മിണ്ടാത്തെ.. ഇതെന്താ ഷേ വൊന്നും ചെയ്യാത്തെ" മീര പ്രവീണിന്റെ മുഖത്തു നോക്കി. ആ മുഖം കാണുമ്പോൾ നെഞ്ചുപിടയുന്നത് അവൾ അറിഞ്ഞു.

"യാത്രയിലായിരുന്നെടോ ആലപ്പുഴയിൽ ന്ന് ഇന്ന് എത്യേ ഉള്ളു നിനക്ക് സുഖാണോ "

" പിന്നേ ..പരമ സുഖമല്ലെ ദേ കണ്ടില്ലേ.."
ആ മറുപടി പ്രവീണിന്റെ മനസ്സിൽ നോവു പടർത്തി.അച്യുതനും മാധവിയും മുഖത്ത് പുഞ്ചിരി വരുത്താൻ നന്നേ പാടുപെട്ടു.

" അവിടെ അമ്മാമൻ മാർക്ക് നിശ്ചയിച്ച അതേ മുഹൂർത്തത്തിൽ തന്നെ ഇവന്റെ വിവാഹം നടത്തണമെന്ന് വാശി അങ്ങിനെ അവർ തന്നെ കണ്ടെത്തിയതാ മായയെ "

ലക്ഷ്മി പറഞ്ഞു നിർത്തുമ്പോൾ കണ്ണുകളിലേക്ക് ഇരച്ചു കയറിയ കണ്ണുനീർ പുറത്ത് കാട്ടാണ്ടിരിക്കാൻ നന്നേ പാടുപെട്ടു മീര.

"നന്നായി അത് നല്ല മുഹൂർത്തമാ എന്നാ ജ്യോൽസ്യനും പറഞ്ഞത്. എന്റെ കുട്ടി ഇങ്ങനായി മോനേലും സന്തോഷായിട്ടിരിക്ക " കണ്ണുകൾ തുടച്ച് മീരയുടെ മുടിയിൽ തലോടി മാധവി....

" നന്നായി പ്രവീണേട്ടാ എനിക്ക് സന്തോഷമേ ഉള്ളൂ രണ്ടാളും ഇടയ്ക്കൊക്കെ വരണം കേട്ടോ എന്നെ കാണാനായി " നിറകണ്ണുകളോടെ മീര പുഞ്ചിരിച്ചു......

ഇന്നാണ് ആ ദിവസം മീര ഏറെ ആഗ്രഹിച്ച ആ ദിവസം പ്രവീൺ തന്റെ കഴുത്തിൽ താലിചാർത്തുന്നത് സ്വപ്നം കണ്ട ദിവസം....

"ഇപ്പൊ അവരൊക്കെ എത്തിക്കാണും അല്ലേ അമ്മാ മുഹൂർത്തം 10 ന് അല്ലേ...." മാധവിയുടെ ചുമരിൽ ചാരിയിരുന്ന് മീര'..

"നീ അതൊന്നും ഓർത്ത് വിഷമിക്കാതെ മോളെ "

"ഏയ് ഇല്ല അമ്മാ ഞാൻ ചുമ്മാ ഓർത്തതാ.. ആ കുട്ടിയാ എന്നേ കാൾ പ്രവീണേട്ടനു ചേരുന്നത്. "

"ഹലോ മീര "

പരിചയമില്ലാത്ത ശബ്ദം കേട്ട് മീര തിരിഞ്ഞു...

"മായ "അവൾ അറിയാണ്ട് പറഞ്ഞു.

"ഇതെന്തേ വിവാഹം...." മീര പെട്ടെന്ന് സമയം നോക്കി. "ഇനി മണിക്കൂർ അല്ലേ ഉള്ളൂ മുഹൂർത്തത്തിന് ഇതെന്താ ഇവിടെ "മീര അമ്പരപോടെ ചോദിച്ചു.

"ഓ അതു നടക്കില്ലെടോ.... " നിസാരമായി മായ പറയുമ്പോൾ ഒന്നും മനസിലാകാണ്ട് മുഖത്തോടു മുഖം നോക്കി മാധവിയും മീരയും

" പ്രവീണേട്ടൻ...." സംശയം മാറാണ്ട് മീര മായയുടെ മുഖത്ത് നോക്കി

"അവന് ഒന്നാം ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനു താത്പര്യം ഇല്ല എന്ന് "

"ഒന്നാം ഭാര്യയോ ? " മീരയ്ക്ക് ഒന്നും മനസിലായില്ല.

"അതെ "മറുപടി പറഞ്ഞു കൊണ്ട് പ്രവീൺ അവിടേക്കു വന്നു ഒപ്പം ലക്ഷ്മിയും അച്യുതനും ഒന്നും മനസിലാകാണ്ട് പ്രവീണിന്റെ മുഖത്ത് നോക്കിയിരുന്നു മീര
പ്രവീൺ പതുക്കെ അവൾക്കരികിലായി ഇരുന്നു

" നമ്മൾ പരസ്പരം മോതിരം കൈമാറിയ അന്നു മുതൽ താൻ അല്ലേടോ എന്റെ ഭാര്യ ആ താൻ ഉള്ളപ്പൊ പിന്നെ എനിക്കെന്തിനാ വേറെ പെണ്ണ് ".
പ്രവീൺ അവളുടെ കവിളിൽ തലോടി

"പ്രവീണേട്ടാ...... " മീരയുടെ മിഴികൾ നിറഞ്ഞു തുളുമ്പി അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.

" അപ്പോ മായ..."

മീരയുടെ സംശയങ്ങൾ അവസാനിച്ചില്ല.
പ്രവീൺ ഒന്നു പുഞ്ചിരിച്ചു.

"അമ്മാവൻമാർ എനിക്ക് കണ്ടെത്തിയ വധുവാണ്.. പക്ഷെ ഇവിടിപ്പോ ഇന്നു മുതൽ ഇവൾ തന്റെ ഡോക്ടർ ആണ് ഫിസിയോ തെറാപ്പിസ്റ്റ് ആണെടോ മായ വിശ്വനാഥ്, തനിക്കു വേണ്ടി തന്നെ നടത്തിക്കാൻ ഞങ്ങൾ തൂക്കിയെടുത്ത് കൊണ്ടു വന്നതാ ആലപ്പുഴ പോയി... ഫിസിയോ തെറാപ്പിയും ആയുർവേദവും ചേർത്തൊരു അവിയൽ ചികിത്സ ഉണ്ട് ഇവൾടെ കയ്യിൽ ആലപ്പുഴ കായലോട് ചേർന്ന് ഒരു ഹോസ്പിറ്റലും.... അവിടെക്കാ അന്ന് ഞാനും അമ്മയും പോയത് തന്റെ റിപ്പോർട്ടൊക്കെ ഇവൾടെ സീനിയർ കണ്ടു.... ഒരു വർഷം .... ഒരു വർഷത്തിനുള്ളിൽ തന്നെ നടത്തുവല്ല ഓടിക്കാമെന്ന് വാക്കു തന്നിട്ടുണ്ട് ഇവൾ
മീരക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. മീരക്ക് മാത്രമല്ല അച്യുതനും മാധവിക്കും...

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ ജീവിതം സ്വപ്നങ്ങൾ എല്ലാം വീണ്ടും തന്നെ തേടി എത്തിയിരിക്കുന്നു. മനസു സന്തോഷം കൊണ്ടു നിറഞ്ഞു ഒപ്പം പൊട്ടി കരഞ്ഞു അവൾ...
ലക്ഷ്മി പതുക്കെ അച്യുതനു മുന്നിൽ ചെന്നു

" ഞാൻ പോലും സംശയിച്ചു ഇവനെ മീര മോളെ ഒഴിവാക്കുവാണോ എന്നോർത്ത്.. പക്ഷെ എന്നെ പോലും ഞെട്ടിച്ചു ഇവൻ ഇനീപ്പൊ വാദ്യമേളങ്ങളോ കതിർ മണ്ഡപമോ ഒന്നും വേണ്ട ഇവിടെ ഈ നിമിഷം ഇവർക്കായുള്ള ശുഭമുഹൂർത്തം ആണ്.താലികെട്ടിക്കോട്ടെ ഇവൻ മീരയുടെ കഴുത്തിൽ "സന്തോഷം കൊണ്ട് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.

പൊട്ടി കരഞ്ഞുകൊണ്ട് പ്രവീണിന്റെ മാറിലേക്ക് മർന്നു മീര... അവളെ ചേർത്തു പിടിച്ച
് നെറുകയിൽ തലോടി പ്രവീൺ.....

"തനിക്കു ഞാൻ വാക്കു തന്നതല്ലേ ടോ മൊട്ടമലയുടെ മുകളിൽ കൊണ്ടുപോകാമെന്ന ആ വാക്ക് പാലിക്കണ്ടേ എനിക്ക് "......

പ്രവീണിന്റെ കണ്ണുകളിലും നനവു പടർന്നു. മായ മാത്രമല്ല കണ്ടു നിന്ന എല്ലാരും നിറകണ്ണുകളോടെ പുഞ്ചിരിച്ചു.

ഇന്നിപ്പോ വർഷങ്ങൾ ഒന്നല്ല മൂന്നു കഴിഞ്ഞു.മായ വാക്കുപാലിച്ചു മീര നടക്കുവല്ല ഓടുവാണ് കുഞ്ഞു പ്രവീണിന്റെ വികൃതികൾക്ക് പിന്നാലെ......
രചന- Prajith Surendrababu

Friday, May 5, 2017

Athira Santhosh


'നിനക്കൊന്നു സന്തോഷായി ഇരുന്നൂടേ മീരാ..?'
നിവിതയുടെ ചോദ്യ൦ കേട്ടപ്പോൾ  ദേഷ്യത്തേക്കാളേറെ സങ്കടമാണ് തോന്നിയത്.
അത്രയു൦ നേര൦ നിസ൦ഗതയോടെ ഇരുന്നിട്ടു൦ പൊടുന്നനെ ഞാ൯  അവൾക്ക് നേരെ പൊട്ടിത്തെറിച്ചു.
'ഒന്നു൦ അറിയാത്തതു പോലെയുള്ള നിന്റെയീ സ൦സാര൦ കേൾക്കുമ്പോഴാ നിവിതാ എനിക്ക് സഹിയ്ക്കാ൯ പറ്റാത്തത്. നിന്നേക്കാൾ ഭേദ൦ അവനാണെന്ന് തോന്നിപ്പോവുന്നു അപ്പോഴൊക്കെ.'
അങ്ങേയറ്റ൦ അസഹിഷ്ണുതയോടെ പറഞ്ഞു നി൪ത്തി കൈയ്ക്കുള്ളിൽ മുഖ൦ ചേ൪ത്ത് ഞാ൯ കുനിഞ്ഞിരുന്നു.
നിന്റെ കൈയ്യെന്താ ഇത്ര തണുത്തിരിക്കുന്നതെന്ന് ചോദിച്ച് അവളെന്റെ മുഖ൦ കൈകളിൽ നിന്ന് ബലമായി അട൪ത്തിമാറ്റി. ശേഷ൦, മരവിച്ച് പോയ എന്റെ മനസ് പോലെ തണുത്ത കൈകളെ തന്റെ കൈക്കുള്ളിൽ ചേ൪ത്ത് വെച്ച് ചൂടു പകരാ൯ ആര൦ഭിച്ചു.
'അവന്റെ കെട്ട് കഴിഞ്ഞിട്ടുണ്ടാവു൦ അല്ലേടീ..'
ദയനീയമായി അവൾക്കു നേരെ മുഖ൦ തിരിച്ച് ഒരു നിമിഷ൦ ഞാ൯ ശ്വാസമടക്കി പിടിച്ചു.
'ഞാനെന്തോര൦ കൊതിച്ചതാ... എന്നിട്ടു൦...'
ഒന്നോ രണ്ടോ നിമിഷ൦ കൂടി അടക്കി വയ്ക്കാനേ കഴിഞ്ഞുള്ളൂ..
വാക്കുകളെ തള൪ത്തി കരച്ചിലിന്റെ കെട്ടഴിഞ്ഞു വീണു. അവളുടെ മടിയിൽ വീണു കിടന്ന് നെഞ്ചു പൊട്ടി കരയുമ്പോൾ ഒന്നു൦ മിണ്ടാതെ അവളുടെ വിരലുകൾ മുടിയിഴകൾക്കിടയിലൂടെ തഴുകി ആശ്വാസ൦ പകരാ൯ ശ്രമിയ്ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
........................
എടോ, ഇതാരാണെന്ന് പറയാമോ നിനക്ക്?
വരാ൯ വൈകുന്നതിൽ അവളോട് പരിഭവിയ്ക്കണമെന്നുറപ്പിച്ച് സമയ൦ കൊല്ലാ൯ തിരകളുടെ എണ്ണമെടുത്തിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ശബ്ദ൦ കേട്ടത്.
എവിടെയായിരുന്നെടീ ഇത്ര നേര൦ എന്ന് ചോദിച്ച് ചാടിയെഴുന്നേറ്റ് തിരിയുമ്പോഴാണ് അവളുടെ ഒപ്പമുള്ള ആളെ ശ്രദ്ധിയ്ക്കുന്നത്.
ആദ്യമായി ഒരു പെൺകുട്ടിയെ ഫെയ്സ് ചെയ്യേണ്ടി വരുമ്പോഴുള്ള ചമ്മലൊന്നു൦ കൂടാതെ പുഞ്ചിരിച്ച് നില്ക്കുന്ന മുഖ൦ കണ്ടതു൦ ഞാ൯ പറഞ്ഞു,
സഞ്ജയ് അല്ലേ?
എങ്ങനെ മനസിലായി എന്ന് നിവിത ചോദിയ്ക്കുമ്പോൾ വേറെ ഒരുത്തനെയു൦ ഇത്ര ധൈര്യത്തിൽ നീയെന്റെ മു൯പിൽ കൊണ്ടു വന്ന് നി൪ത്തില്ലല്ലോ എന്ന എന്റെ മറുപടി കേട്ട് ഇരുവരു൦ പൊട്ടിച്ചിരിച്ചു.
അതൊരു തുടക്കമായിരുന്നു.
ബെസ്റ്റ് ഫ്രണ്ട്സായിരുന്ന നിവിതയുടെയു൦ സഞ്ജയുടെയു൦ നടുവിലേയ്ക്ക് അദൃശ്യമായ ഒരു ബിന്ദുവായി എന്റെ കൂടിച്ചേരലിന്റെ തുടക്ക൦.
സഞ്ജയ് ഒരനാഥനാണെന്ന നിവിതയുടെ വെളിപ്പെടുത്തലിന് ശേഷമാണ് അവനോടുണ്ടായിരുന്ന എന്റെ സൗഹൃദ൦ പ്രണയമായി പരിണമിച്ചത്. ഒഴിഞ്ഞു മാറാ൯ ഒരുപാട് ശ്രമിച്ചെങ്കിലു൦ അവനു ജീവിതത്തിലൊരിയ്ക്കലു൦ കിട്ടാതെ പോയ സ്നേഹ൦ സമ്മാനിച്ച് ഞാനവനെ സ്വന്തമാക്കുകയായിരുന്നു.
ആദ്യമായി കണ്ടുമുട്ടിയ ആ കടൽതീരത്ത് പിന്നെയു൦ പലപ്പോഴു൦ ഞങ്ങൾ അതിഥികളായി.
ഒരിയ്ക്കലുമവനെ വേദനിപ്പിക്കരുത് എന്നൊരുപദേശ൦ മാത്രമേ എല്ലാമറിഞ്ഞപ്പോൾ  നിവിതയെനിയ്ക്ക് നല്കിയുള്ളൂ.
കാര്യങ്ങളൊക്കെ മാറി മറിഞ്ഞത് പെട്ടന്നായിരുന്നു. പപ്പ മകൾക്ക് വേണ്ടി കല്യാണാലോചനകൾ നോക്കി തുടങ്ങിയപ്പോൾ  ഞാ൯ തന്നെയാണ് പപ്പയെ സമീപിച്ചത്.
പപ്പാ... എനിക്കൊരു ഇഷ്ടമുണ്ട്.
തന്റെ തുറന്നു പറച്ചിലിൽ പപ്പയ്ക്ക് യാതൊരു ഭാവമാറ്റവു൦ ഉണ്ടായില്ല. എല്ലാ൦ കേട്ടു നിന്ന ശേഷ൦ നമുക്ക് ആലോചിക്കാ൦ എന്ന പപ്പയുടെ വാക്കുകൾ ധാരാളമായിരുന്നു എനിയ്ക്ക്.
'സഞ്ജയ്, പപ്പ നമ്മുടെ കാര്യ൦ സമ്മതിച്ചൂ ട്ടോ..'
ഒരുപാട് സന്തോഷത്തോടെയാണ് ഞാ൯ അന്ന് അവനെ കണ്ടു മുട്ടിയത്.
'നിനക്കെന്താടാ ഒരു സന്തോഷമില്ലാത്തതു പോലെ? '
മഞ്ഞപ്പൂക്കൾ വീണു വാടിയ മണ്ണിലൂടെ അവന്റെ ഒപ്പ൦ നടക്കുമ്പോൾ  ഞാ൯ ചോദിച്ചു.
ഒന്നുമില്ല എന്നു മാത്ര൦ പറഞ്ഞൊഴിഞ്ഞ് അവനന്നു മടങ്ങി.
പിറ്റേ ദിവസ൦ കോളേജിൽ വരുമ്പോൾ  നിവിതയുടെ മുഖ൦ മ്ലാനമായിരുന്നു. എന്നെ അഭിമുഖീകരിയ്ക്കാ൯ അവൾ ബുദ്ധിമുട്ടുന്നതു പോലെ..
ഒരുപാട് നി൪ബന്ധിച്ചപ്പോൾ അവൾ ഒരു പേപ്പ൪ എനിക്കു നേരെ നീട്ടി.
'സഞ്ജയ് തന്നതാ..'
അതു൦ പറഞ്ഞ് അവൾ പുറത്തേയ്ക്കു നടന്നു.
മീരാ...
എന്റെ വിവാഹമാണ്... നീ ക്ഷമിയ്ക്കണ൦..
ആ രണ്ടു വരിക്കത്തു൦ പിടിച്ച് തള൪ന്നിരുന്നത് എത്ര സമയമാണെന്ന് ഓ൪മയില്ല.
അവനെന്നെ വെറുതെ പറ്റിയ്ക്കുന്നതല്ലേടീ എന്ന് ചോദിച്ച് നിവിതയുടെ തോളുലച്ചു.
സത്യമാണെന്ന അവളുടെ നേ൪ത്ത വാക്കുകൾ  ഹൃദയത്തിലേയ്ക്ക് ആഞ്ഞടിച്ച് കയറുകയായിരുന്നു.
വള൪ത്തി വലുതാക്കിയ മഠത്തിലമ്മമാ൪ നി൪ബന്ധിച്ചപ്പോൾ അവനു സമ്മതിയ്ക്കാതിരിയ്ക്കാനായില്ല എന്നു മാത്ര൦ അവൾ  പറഞ്ഞു.
പിന്നീടൊരിയ്ക്കൽ പോലു൦ അവനെ കാണാ൯ പോയിട്ടില്ല. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി ജീവിച്ചു പോരുകയായിരുന്നു ഓരോ ദിനവും,  അവന്റെ വിവാഹ ദിവസവു൦ കാത്ത്...
................
'മോളേ, നീയൊരു വിവാഹ൦ കഴിച്ച് കണ്ട് വേണ൦ പപ്പയ്ക്ക് കണ്ണടയ്ക്കാ൯...'
കേൾക്കാത്ത ഭാവത്തിലിരുന്ന് ഭക്ഷണ൦ കഴിയ്ക്കുമ്പോൾ പപ്പ വീണ്ടു൦ പറഞ്ഞു.
കഴിച്ചെന്നു വരുത്തി എഴുന്നേല്ക്കുമ്പോൾ പപ്പ പിന്നിൽ നിന്നു വിളിച്ചു.
'അന്ന് അങ്ങനെയൊരു തെറ്റ് പറ്റി പോയി മോളേ... ഒരു അനാഥച്ചെക്കന്റെ ഒപ്പ൦ സ്വന്ത൦ മോളെ അയയ്ക്കാ൯ ഒരച്ഛനു൦ ആഗ്രഹിയ്ക്കില്ല മോളേ... '
തിരിച്ച് എന്തെങ്കിലു൦ പറഞ്ഞ് പപ്പയുടെ മനസ് വേദനിപ്പിയ്ക്കാ൯ ഞാനാഗ്രഹിയ്ക്കാത്തതു കൊണ്ടു തന്നെ ഒന്നു൦ മിണ്ടാതെ വാഷ് ബേസിനു നേ൪ക്ക് നടന്നു.
സഞ്ജയിയെ എന്നിൽ നിന്ന് അകറ്റിയതിനു പപ്പയോട് ചെയ്യാ൯ കഴിയുന്ന പ്രതികാരമൊക്കെ ചെയ്തു കഴിഞ്ഞു എന്നെനിയ്ക്ക് ബോധ്യമായി. കെട്ടു പ്രായ൦ കഴിഞ്ഞ മകൾ ഒരു ചോദ്യ ചിഹ്നമായി വീട്ടിൽ നില്ക്കുന്നതിലു൦ വലിയ ശിക്ഷയിൽ  കൂടുതൽ എന്താണ് ഒരച്ഛന് ലഭിയ്ക്കുക?
മുഖ൦ കഴുകി തിരിയുമ്പോൾ പപ്പയുടെ മുഖ൦ കണ്ട് എനിയ്ക്ക് വേദന തോന്നി.
സ്വന്ത൦ മകളുടെ ഭാവിയ്ക്ക് വേണ്ടി ഒരച്ഛ൯ അങ്ങനെയൊക്കെ പ്രവൃത്തിച്ചതിൽ തെറ്റില്ല എന്ന് എന്തോ ആ നിമിഷ൦ മുതൽ എനിയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.
'എനിയ്ക്ക് വേണ്ടി കല്യാണ൦ ആലോചിച്ചോ പപ്പാ' എന്ന എന്റെ വാക്കുകളിൽ അതിശയിച്ച് നില്ക്കുന്ന പപ്പയെ കണ്ടതു൦ ജീവിതത്തിലിന്ന് വരെ അനുഭവിയ്ക്കാത്ത ഒരു സന്തോഷ൦ എന്നെ വന്നു പൊതിഞ്ഞു....
രചന: Athira Santhosh

Thursday, May 4, 2017

രജിത കൃഷ്ണൻ

ഏട്ടച്ഛൻ.........

"ലേഖേ, നീ എന്തെടുക്കുകയാ? റെഡിയായില്ലേ ഇതു വരെ ?"
അടച്ചിട്ട വാതിൽ തുറന്ന് ഗിരിജേച്ചി അകത്തു വന്നു. കയ്യിൽ ഒരു കുടന്ന മുല്ലപ്പൂ.
'' ചേച്ചീ, ഈ സാരിയൊന്നു ശരിയാക്കിക്കേ."
ചേച്ചിയുടെ കയ്യിൽ നിന്നും മുല്ലപ്പൂ വാങ്ങി തലമുടിയിൽ ചൂടിക്കൊണ്ട് ഡ്രസിംഗിന്റെ അവസാന മിനുക്കുപണികൾ ഞാൻ ചേച്ചിയെ ഏൽപിച്ചു.
" എല്ലാവരും പോകാൻ റെഡിയായി. നീ ഒരുങ്ങാൻ കയറിയിട്ട് എത്ര സമയമായി? അവിടെ എല്ലാരും അന്വേഷിക്കുന്നു." ഗിരിജേച്ചി സ്നേഹത്തോടെ ശാസിച്ചു.' 'എന്റെ വല്യേട്ടന്റെ കല്യാണമല്ലേ? എനിക്കു നന്നായൊരുങ്ങണ്ടേ? സജിതേച്ചിയും നയനേച്ചിയുമൊക്കെ റെഡിയായോ?" "അവരൊക്കെ എപ്പോഴേ റെഡിയായി ? പിന്നെ വല്യേട്ടൻ നിന്റെ മാത്രമൊന്നുമല്ല. ഞങ്ങളുടെയും കൂടിയാ... " ഗിരിജേച്ചി അഭിമാനത്തോടെ പറഞ്ഞു.
"ചേച്ചീ, ഞാൻ ഈ വായനക്കാരോടൊന്നു പറഞ്ഞിട്ട് ഇപ്പോ തന്നെ സ്കൂട്ടാവാം. ഒരഞ്ചു മിനിട്ട് ." ഞാൻ കണ്ണിറുക്കി. "ഈ പെണ്ണിന്റെയൊരു കാര്യം." ഗിരിജേച്ചി ചിരിയോടെ മുറി വിട്ടിറങ്ങി.
അല്ലയോ വായനക്കാരേ, ഇന്നെന്റെ വല്യേട്ടന്റെ കല്യാണമാ.അല്ല, ഏട്ടച്ഛന്റെ.... ഏട്ടച്ഛൻ എന്നു പറയുമ്പോൾ തന്നെ മനസിലാവുമല്ലോ..... എന്റെ അച്ഛനും ഏട്ടനുമെല്ലാം എന്റെ വല്യേട്ടൻ തന്നെയാ. എനിക്കു മാത്രമല്ല, ഞങ്ങൾ സഹോദരങ്ങൾ അഞ്ചു പേർക്കും .
എന്റെ അഞ്ചാമത്തെ വയസ്സിലാണ് ലോഡിംഗ് തൊഴിലാളിയായ എന്റെ അച്ഛൻ ലോറിയിൽ കയറ്റിയ തടി ദേഹത്ത് വീണ് നട്ടെല്ലു തകർന്ന് കിടപ്പിലായത്. അന്ന് വല്യേട്ടൻ പത്താം ക്ലാസിൽ പഠിക്കുന്നു.ഗിരിജേച്ചി എട്ടിലും സജിതേച്ചി ആറിലും നയനേച്ചി നാലിലും മനുവേട്ടൻ മൂന്നിലും ഞാൻ ഒന്നിലും. അച്ഛൻ കിടപ്പിലായതു കൂടി കുടുംബത്തിന്റെ വരുമാനമാർഗം നിലച്ചു. ഞാൻ ജനിച്ചതോടു കൂടി എന്റെ അമ്മ രോഗിയായി മാറിയിരുന്നു. അച്ഛന്റെ ചികിത്സ, അമ്മയുടെ ചികിത്സ, വീട്ടു ചെലവുകൾ, ഞങ്ങളുടെ വിദ്യാഭ്യാസം....... ചുറ്റും കടം...... ജീവിതം വഴിമുട്ടിപ്പോയ നാളുകൾ. ഫസ്റ്റ് ക്ലാസോടു കൂടി പത്താം ക്ലാസ് പാസായ വല്യേട്ടൻ പഠിത്തം നിർത്തി കൂലിപ്പണിക്കിറങ്ങി. കിട്ടാവുന്ന എന്തു ജോലിയും ചെയ്തു. രാത്രിയും പകലുമെന്നില്ലാതെ വല്യേട്ടൻ ചെയ്യാത്ത ജോലികളില്ല.ഏട്ടനെ പഠിപ്പിക്കണമെന്ന്‌ അച്ഛനും അമ്മയ്ക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. വല്യേട്ടൻ ഞങ്ങളേക്കാൾ നന്നായി പഠിക്കുമായിരുന്നു. പക്ഷേ വേറെ നിവൃത്തിയുണ്ടായില്ല. ചോര നീരാക്കി തന്നെ വല്യേട്ടൻ അധ്വാനിച്ചു.വെളുത്തു തുടുത്തിരുന്ന വല്യേട്ടന്റെ നിറം പോകെപ്പോകെ മങ്ങിത്തുടങ്ങി. മുഖം വെയിലേറ്റു കരുവാളിച്ചു. ഏട്ടന്റെ അധ്വാനങ്ങൾക്കൊന്നും തന്നെ പക്ഷേ അച്ഛന്റെ ആയുസ്സിനെ പിടിച്ചു നിർത്താനായില്ല. രണ്ടു വർഷത്തെ ചികിത്സക്കു ശേഷം അച്ഛൻ മരണപ്പെട്ടു. അതിനു ശേഷം വല്യേട്ടനെ ചുറ്റിപ്പറ്റിയായി ഞങ്ങളുടെ ലോകം. ആയിടയ്ക്കാണ് വല്യേട്ടന് ഷാർജയിൽ പോവാനുള്ള അവസരം ഒത്തുവന്നത്.ലീവു ദിവസങ്ങളിലും ഓവർടൈമിലും ജോലി ചെയ്തു വല്യേട്ടൻ സമ്പാദ്യമുണ്ടാക്കി. മനുവേട്ടനെ പഠിപ്പിച്ചു ജോലിക്കാരനാക്കി. ഞങ്ങൾ നാലു സഹോദരിമാരെയും ഡിഗ്രി വരെ പഠിപ്പിച്ചു.എല്ലാവരെയും അച്ഛന്റെ സ്ഥാനത്ത് നിന്ന് നല്ല രീതിയിൽ തന്നെ കല്യാണം കഴിപ്പിച്ചയച്ചു. ഒരാളെ പ്രസവിച്ചയക്കുമ്പോൾ അടുത്തയാൾ പ്രസവത്തിനു വരും. അതു കഴിയുമ്പോഴേക്കും അടുത്ത കല്യാണം. അതു കഴിയുമ്പോഴേക്കും അമ്മയുടെ ഓപ്പറേഷൻ.വീണ്ടും ചേച്ചിയുടെ പ്രസവം ,എന്റെ കല്യാണം........ ബുദ്ധിമുട്ടുകളൊന്നും തന്നെ വല്യേട്ടൻ ആരെയും അറിയിച്ചില്ല. വല്യേട്ടന് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സമ്പാദ്യമോ ഉണ്ടായില്ല. എന്തിന് , വല്യേട്ടൻ വില കൂടിയ ഷർട്ടിടുന്നതു പോലും ഞങ്ങൾ കണ്ടിട്ടില്ല. എല്ലാവരും പറയുമായിരുന്നു, അച്ഛനെ പോലെ തന്നെ മകനുമെന്ന് .........ഒരു പൈസ അനാവശ്യമായി ചെലവാക്കില്ലെന്ന് ....... പക്ഷേ എവിടെയും ഞങ്ങളെ മോശക്കാരാക്കാൻ വല്യേട്ടൻ സമ്മതിച്ചിട്ടില്ല. വല്യേട്ടന്റെ ആഗ്രഹങ്ങളൊക്കെ മനുവേട്ടനിലൂടെയും ഞങ്ങളിലൂടെയും സാക്ഷാത്കരിക്കുന്നത് കണ്ട് ഏട്ടൻ തൃപ്തിപ്പെട്ടു. ഉത്തരവാദിത്തങ്ങളോരോന്നും നിർവഹിക്കുന്നതിനിടയിൽ വല്യേട്ടന്റെ നല്ല പ്രായവും കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
ഇടയ്ക്ക് നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ നിർബന്ധപ്രകാരം വല്യേട്ടൻ പെണ്ണുകാണാൻ പോയി.പെണ്ണിനും വീട്ടുകാർക്കും പ്രായം കുറഞ്ഞ, സൗന്ദര്യം കൂടുതലുളള, വിദ്യാഭ്യാസം കൂടുതലുള്ള ,നാട്ടിൽ ജോലിക്കാരനായ മനുവേട്ടനെയാണ് കണ്ണിൽ പിടിച്ചത്. മനുവേട്ടനാണെങ്കിൽ വിവാഹത്തിന് തയ്യാറാണെന്ന് പെൺകുട്ടിയും വീട്ടുകാരും പറഞ്ഞു. ആ ആലോചന അലസിപ്പോയെങ്കിലും വീണ്ടുമുള്ള പെണ്ണുകാണലിലും അങ്ങനെ തന്നെ സംഭവിച്ചു.വല്യേട്ടന്റെ കല്യാണം കഴിഞ്ഞു മതി തന്റെ കല്യാണം എന്ന് വാശി പിടിച്ചു നിന്നിരുന്ന മനുവേട്ടനെക്കൊണ്ട് ആ വരവിൽ തന്നെ വല്യേട്ടൻ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു.
അതിനു ശേഷം വീണ്ടും വിദേശത്തു പോയ വല്യേട്ടൻ ഇപ്പോൾ വന്നിട്ട് ഒരു മാസമായതേയുള്ളൂ. വീടൊന്ന് പുതുക്കിപ്പണിതു. ഈ വരവിൽ ഞങ്ങൾ ഏട്ടന്റെ വധുവിനെ കണ്ടെത്തി . വേറാരുമല്ല. എന്റെ ഭർത്താവിന്റെ പെങ്ങൾ വിജി..അവൾ നഴ്സായി ജോലി ചെയ്യുന്നു.പ്രായ വ്യത്യാസമുണ്ടെങ്കിലും അവൾക്കെന്റെ വല്യേട്ടനെ പെരുത്തിഷ്ടമാണ്. എന്റെ ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും അതുപോലെ തന്നെ. മാലാഖയുടെ മനസുള്ള എന്റെ വല്യേട്ടനെ പൊന്നുപോലെ നോക്കാൻ മറ്റൊരു മാലാഖയായ വിജിക്കു കഴിയും. ഞങ്ങൾക്ക് വേണ്ടി ജീവിച്ച ഞങ്ങളുടെ ഏട്ടച്ഛന് ഏറ്റവും നല്ലതിനെ തന്നെ ഞങ്ങൾ സമ്മാനിക്കേണ്ടേ?
അപ്പോൾ പ്രിയ വായനക്കാരേ, ഞാൻ കല്യാണമണ്ഡപത്തിലേക്കു പോകാനൊരുങ്ങുന്നു. ഈ വൈകിയ വേളയിലാണെങ്കിലും നിങ്ങളെ ഞാൻ വിവാഹത്തിന് ക്ഷണിക്കുന്നു.വല്യേട്ടന്റെ വിവാഹ ജീവിതത്തിൽ നിങ്ങളേവരുടെയും അനുഗ്രഹങ്ങളും ആശീർവാദങ്ങളും പ്രതീക്ഷിക്കുന്നു .
സ്വന്തം ജീവിതം മെഴുകുതിരി പോലെ ഉരുകി തീർത്ത് ബന്ധുക്കളുടെ ജീവിതത്തിൽ പ്രകാശം പരത്തുന്ന, ജീവിതമെന്ന റിലേ മത്സരത്തിൽ അച്ഛൻ കൈമാറിയ ബാറ്റൻ എന്തു വില കൊടുത്തും ഒട്ടും പിന്നിലാവാതെ ഫിനിഷിംഗ് പോയിന്റിൽ എത്തിക്കുന്ന ,എന്റെ അനിയൻ കൂടി ഉൾപ്പെട്ട എല്ലാ സഹോദരന്മാർക്കുമായി സമർപ്പിക്കുന്നു...............

രചന : രജിത കൃഷ്ണൻ