Friday, April 28, 2017

Deepu mohan

ബ്രോക്കറിന്റെ കൂടെ പെണ്ണ് കാണാൻ പോകുമ്പോൾ ജന്നൽ പഴുതിലൂടെ രണ്ടു മിഴികൾ എന്നെ ശ്രദ്ധിയ്ക്കുന്നുണ്ടോയെന്നു നോക്കണം.

ചായ കൊണ്ടു വരുമ്പോൾ അല്പം മധുരം കുറഞ്ഞാലും,
ഇത്തിരി കടുപ്പം കൂടിയാലും നല്ല ചായ ആണെന്ന് പറയണം.

കല്യാണ തലേന്ന് പന്തൽ കെട്ടിയതിന്റെയും, ഓരോരോ ആവശ്യങ്ങൾക്ക് ഓടി
നടന്നതിന്റെയും ക്ഷീണത്താൽ രാത്രി
സുഖമായുറങ്ങണം. അതിനു മുമ്പ് മൊബൈൽ ഫോൺ ഓഫാക്കി വെക്കണം. അല്ലെങ്കിൽ ഭാവിവധു വിളിച്ചു പഞ്ചാരയടിച്ചു
കൊണ്ടിരിയ്ക്കും.

ഉറക്കമിളച്ചാൽ ആദ്യ
രാത്രി കുളമാകും...

പകൽ നേരത്തെ ഫോട്ടോ
ഷൂട്ടിന്റെയും, എടുത്താൽ പൊങ്ങാത്ത പട്ടുസാരിയുടുത്തു നടന്നതിന്റെയും ക്ഷീണത്തിലുറങ്ങുന്ന അവളുടെ മിഴികളിൽ
നോക്കിയിരിക്കണം.

പിറ്റേന്ന് രാവിലെ ചായയുമായി
എന്നെ തട്ടിയുണർത്തുന്ന അവളെനോക്കി , ഇന്നലെ രാത്രി കിടന്നുറങ്ങിയതു
പ്പോലെ ഇന്നും കിടന്നുറങ്ങരുതെന്നു
കാതോരം കുസൃതിയായി
മൊഴിയണം.

രാവിലെ ജോലിയ്ക്കു പോകാനുള്ള
തിരക്കിൽ വണ്ടിയുടെ ചാവിയും, ഫോണും കാണുന്നില്ലെന്ന് പറയുമ്പോൾ
അലമാര മുഴുവൻ തിരയുന്ന അവളോട് , അത് പിന്നെ നോക്കാം. ഇന്നിനി
ജോലിയ്ക്കു പോകുന്നില്ലെന്ന് പറഞ്ഞു
വീട്ടിൽ തന്നെ മടിപിടിച്ചിരിയ്
ക്കണം. എന്നിട്ടു അടുക്കളയിൽ
ജോലിത്തിരക്കിൽ നിൽക്കുന്ന അവളുടെ പിന്നിലൂടെ ചെന്ന് ചുറ്റിപ്പിടിച്ചൊരു ഉമ്മ കൊടുക്കണം...

പാതിരാത്രിയ്ക്കു എന്നെ
വിളിച്ചുണർത്തി പുളിമാങ്ങ
തിന്നണമെന്നു പറയുമ്പോൾ, രാവിലെ മാർക്കറ്റിൽ നിന്നു വാങ്ങിക്കൊണ്ടു വന്ന മാങ്ങാ അവൾക്കു വായിൽ
വെച്ചുകൊടുത്തിട്ടു പറയണം.നീ മനസ്സിൽ
കാണുമ്പോൾ ഞാൻ മാർക്കറ്റിൽ
കാണുമെന്ന്...

ഇടയ്ക്കിടയ്ക്ക് അവളുടെ നിറവയറിൽ ചെവി വെച്ചു കുഞ്ഞു അമ്മയെന്നല്ല,
അച്ഛനാണെന്നു വിളിയ്ക്കുന്നതെന്നു
പറയണം. ലേബർ റൂമിയിലേക്കു അവളെ
കൊണ്ടു പോകുമ്പോൾ സിസ്റ്ററെ
രക്തത്തിനു വല്ല ആവശ്യമുണ്ടെങ്കിൽ നേരത്തെ തന്നെ പറയണേ. അവസാന നിമിഷംവരെ
വെച്ചോണ്ടിരിയ്ക്കരുതെന്നു ഒരു മുന്നറിയിപ്പ് കൊടുക്കണം. എന്നിട്ടു അക്ഷമനായി ലേബർ റൂമിന്റെ വരാന്തയിലൂടെ നടക്കണം.

കുഞ്ഞിനെ കൈവെള്ളയിലേക്കു വെച്ചുതരുമ്പോൾ
നിന്നെപ്പോലെ സുന്ദരിയാണല്ലോ നമ്മുടെ മോളെന്നു പറയണം. പക്ഷേ,
നിറം നിന്നെപ്പോലല്ല കുറച്ചും കൂടി വെളുത്തിട്ടാണെന്നു പറയണം.

അപ്പോൾ പരിഭവത്തോടെ മുഖം തിരിക്കുമ്പോൾ എന്റെ ആദ്യ മോള് നീയല്ലെയെന്നു
മൊഴിയണം.

പിന്നെ ഒരു മഴക്കാലത്തു കാപ്പിയും കുടിച്ചിരിയ്ക്കുമ്പോൾ മോള് വളർന്നു വരുന്നു എന്തെങ്കിക്കുമൊക്കെ കരുതി
വെയ്ക്കണമെന്ന് പ്രാരാബ്ധം പറയുമ്പോൾ അവളെ നോക്കി എല്ലാം ശരിയാകുമെടോ താൻ വിഷമിയ്ക്കണ്ട എന്നു പറയണം.

അവസാനം എന്നെ വിട്ടുപിരിഞ്ഞു തനിച്ചവൾ യാത്രയാകുമ്പോൾ , അവൾ
ആഗ്രഹിച്ച സ്നേഹവും , കരുതലും നൽകാൻ പറ്റിയോ എന്നു മനസ്സിൽ ചിന്തിച്ചു
നോക്കണം. ഈ മണ്ണിൽ
ജീവിച്ചിരിയ്ക്കുമ്പോൾ കൊതി
തീരാതെ പോയ സ്നേഹം എന്നെയും ആ മണ്ണിലേക്ക് കൊണ്ടു വരുമ്പോൾ
സ്നേഹിച്ചു തീർക്കണം.

അങ്ങനെ വീണ്ടും
അവളിൽ ലയിക്കണം.....

രചന : Deepu mohan

No comments:

Post a Comment