Wednesday, April 26, 2017

Saran prakash

''എന്റെ ഭഗവാനേ... നീ എനിക്ക് രണ്ടു പെൺകുട്ടികളെ തന്നപ്പോൾ മനസ്സുകൊണ്ട് ഞാൻ ഒരാൺകുട്ടിക്കുവേണ്ടി കൊതിച്ചു എന്നുള്ളത് സത്യമാ... പക്ഷേ,, ഇങ്ങനെ ഒരു ചതി നീ എന്നോട് ചെയ്യുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല...''

ചുമരിലിരിക്കുന്ന ഭഗവാന്റെ ഫോട്ടോ നോക്കി പതിവുപോലെ അമ്മ പരാതിപെട്ടി തുറന്നു... ചേച്ചിയും ഞാനും ഓഫായിരിക്കുന്ന ടിവിക്കു മുൻപിൽ രണ്ടു ധ്രുവങ്ങളിലായി മുഖം ചുവപ്പിച്ചിരിക്കുന്നുണ്ട്...

അമ്മയുടെ പരാതിപെട്ടി തുറക്കപ്പെടാൻ കാരണവും അതുതന്നെ... വൈകുന്നേരമായാൽ ആ വീടൊരു യുദ്ധക്കളമാകും... ഇന്ത്യയും പാകിസ്ഥാനും കാശ്മീരിന് വേണ്ടി യുദ്ധം ചെയ്യുന്നപോലെ ഞാനും ചേച്ചിയും ടിവിയുടെ റിമോട്ടിന് വേണ്ടി...

പലപ്പോഴും ആ യുദ്ധത്തിൽ ചേച്ചി സ്വയം തോൽവി സമ്മതിക്കുകയായിരുന്നു പതിവ്... പക്ഷേ,, രണ്ടുവർഷമായി കണ്ടുകൊണ്ടിരിക്കുന്ന സീരിയലിന്റെ അവസാന നിമിഷങ്ങൾ ഓടിക്കൊണ്ടിരിക്കുന്നതുകൊണ്ടാകണം ചേച്ചി ആദ്യമായി എന്നെ തോൽപ്പിച്ചുകൊണ്ട് ഇന്ന് ആ റിമോട്ട് കൈക്കലാക്കി....

ആദ്യമായി ചേച്ചിക്കുമുൻപിൽ അടിയറവു പറഞ്ഞതിന്റെ ആ അപകർഷതാബോധത്തിൽ,, മുഷ്ടിചുരുട്ടി അവളുടെ മൂക്കിനിട്ടൊരു കുത്തുകൊടുത്തതും അമ്മേ എന്നവൾ അലറിയതും ഒരുമിച്ചായിരുന്നു...

ആ അലർച്ചകേട്ട് ഓടിവന്ന അമ്മയും മുഖമൊന്നു ചുവപ്പിച്ചു.... ടീവി ഓഫ് ചെയ്തു റിമോട്ടെടുത്ത് എന്നെയൊന്നു കടുപ്പിച്ചു നോക്കിയാണ് പരാതിപെട്ടി തുറക്കാൻ ചെന്നു നിൽക്കുന്നത്....

''നിങ്ങളിത് കാണുന്നുണ്ടോ???? കൊഞ്ചിച്ചു താലോലിച്ചു വളർത്തിയ പുന്നാരമോളിപ്പോൾ കാണിച്ചു കൂട്ടുന്നത് വല്ലതും അറിയുന്നുണ്ടോ???? ആര് അറിയുന്നു അല്ലേ... എല്ലാം അനുഭവിക്കാൻ എന്നെ തനിച്ചാക്കി നേരത്തേ പോയതല്ലേ...''

പുഞ്ചിരിച്ചോണ്ടിരിക്കുന്ന അച്ഛന്റെ ഫോട്ടോ നോക്കി ദേഷ്യവും സങ്കടവും നിറഞ്ഞ സ്വരത്തോടെ ചോദിക്കുമ്പോൾ അമ്മയുടെ മിഴികൾ നിറഞ്ഞു തുളുമ്പിരിയിരുന്നു...

''നാട്ടുകാരും കുടുംബക്കാരും ചോദിച്ചു തുടങ്ങി... ഇളയത് ആൺകുട്ടിയാണോന്ന്... എങ്ങനെയാ ചോദിക്കാതിരിക്കാ... അതുപോലെയല്ലേ അവളുടെ സ്വഭാവം... രാത്രിയും പകലെന്നുമില്ലാതെ ഊരുതെണ്ടലും, അടിപിടി കേസുകളും, ആണോ പെണ്ണോ എന്നറിയാത്ത വേഷവിധാനങ്ങളും....''

ഒരുപക്ഷേ അമ്മയുടെ ആ പരാതിപെട്ടി നിറയെ ഞാൻ മാത്രമായിരുന്നു... എന്റെ കുഴപ്പങ്ങൾ മാത്രമായിരുന്നു...

അകത്തളത്തിൽ നിന്നും ഞാൻ മുറിയിലേക്ക് നടന്നു... അവിടെ കണ്ണാടിക്കുമുൻപിൽ അലപനേരം എന്റെ ആ രൂപം ഞാൻ നോക്കിനിന്നു.....

എണ്ണ തേക്കാതെ, ഒതുക്കമില്ലാതെ പാറിപ്പറക്കുന്ന മുടിയിഴകൾ.... കറുത്തിരുണ്ട കൺതടങ്ങൾ... ജിമിക്കിയില്ലാത്ത കാതുകൾ... ഒട്ടിയ കവിളുകൾ....

ശരിയാണ്... ഒറ്റനോട്ടത്തിൽ ആരും സംശയിച്ചുപോകും ഞാനൊരു പെണ്ണുതന്നെയാണോ!!!!!

പുറകിലേക്ക് നടന്ന് അലങ്കലോലമായി കിടക്കുന്ന കട്ടിലിലേക്ക് മറിയുമ്പോൾ മനസ്സ് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു...

സ്കൂളിൽ നിന്നും കലങ്ങിയ കണ്ണുകളുമായി വന്ന ചേച്ചിയുടെ മുഖം...

വഴിയിലാരോ തന്റെ കയ്യിൽ കയറിപ്പിടിച്ചെന്ന് ചേച്ചി പറയുമ്പോൾ അച്ഛൻ പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്....

''അവന്റെ കരണം അടിച്ചു പൊട്ടിയ്ക്കാമായിരുന്നില്ലേ നിനക്ക്..''

ആ രാത്രികളിൽ അച്ഛന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോൾ അച്ഛൻ എന്നോട് പറയുമായിരുന്നു...

''ചേച്ചിയെപ്പോലെ ഒരു പാവം ആകരുത് എന്റെ മോള്... മോശമായി പെരുമാറുന്നവന്റെ മുഖത്തു ആഞ്ഞടിക്കാനുള്ള ചങ്കുറപ്പുണ്ടാകണം... തെറ്റുകളെ എതിർത്ത് തോൽപ്പിക്കാനുള്ള ധൈര്യമുണ്ടാകണം....''

പിന്നീട് ഞങ്ങളെ തനിച്ചാക്കി അച്ഛൻ യാത്രയായതിനു ശേഷം പലപ്പോഴും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടുണ്ട്... അമ്മയുടെ പരിഭവവും കേട്ടിട്ടുണ്ട്...

''എനിക്കൊരു ആൺകുട്ടി ഉണ്ടായിരുന്നുവെങ്കിൽ....''

ഒരുപക്ഷേ അന്നുമുതലാകാം ഞാനൊരു ആണായി മാറാൻ ശ്രമിച്ചു തുടങ്ങിയത്....

ചേച്ചിയുടെ പുറകെ കൂടിയ പൂവാലന്മാർക്ക് നേരെ കൈ ഉയർത്തിക്കൊണ്ടായിരുന്നു ഞാൻ എന്ന ആൺകുട്ടി പിറവിയെടുത്തത്...

മൂന്നുപെണ്ണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് എത്തിനോക്കിയിരുന്ന ചില കഴുകൻ കണ്ണുകളെ കുത്തിപ്പൊട്ടിച്ച് എന്നിലെ ആൺകുട്ടി വളർന്നുകൊണ്ടേയിരുന്നു..

സ്ത്രീ തലതാഴ്ത്തിപ്പിടിച്ചു നടക്കേണ്ട സമൂഹത്തിൽ ഞാൻ തലയുയർത്തിപ്പിടിച്ചപ്പോൾ മറ്റുള്ളവർക്കതൊരു കൗതുകമായി... പലരുമെന്നെ തന്റേടിയെന്നു വിളിച്ചു... ചിലർ അഹങ്കാരിയെന്നും....

പക്ഷേ ആ തന്റെടംകൊണ്ട് ഞാൻ നേടിയെടുത്തത് എന്റെ കുടുംബത്തിന്റെ സന്തോഷമായിരുന്നു... പിന്നീട് ഒരിക്കൽ പോലും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു ഞാൻ കണ്ടിട്ടില്ല... ആൺകുട്ടിക്കുവേണ്ടിയുള്ള അമ്മയുടെ പരിഭവം കേട്ടിട്ടില്ല...

അതുകൊണ്ടാകാം പിന്നെയും എന്നിലെ ആൺകുട്ടി വളർന്നുകൊണ്ടേയിരുന്നത്....അച്ഛൻ പറഞ്ഞതുപോലെ തെറ്റുകൾക്കുനേരെ ചങ്കുറപ്പോടെ പരിസരം നോക്കാതെ കൈകളുയർത്തിയപ്പോൾ, വിരൽ ചൂണ്ടിയപ്പോൾ, മുഷ്ടിചുരുട്ടിയപ്പോൾ... നാട്ടുകാർക്കും കുടുംബക്കാർക്കുമിടയിൽ ഞാനൊരു ചർച്ചാവിഷയമായി....

വളർത്തുദോഷമെന്നു പറഞ്ഞു പലരും കൊടിപിടിച്ചെത്തിയപ്പോൾ ഒരിക്കൽപോലും എന്റെ ശരികളെ തിരിച്ചറിയാൻ ആരും ശ്രമിച്ചിരുന്നില്ല... നാല്ലൊരു മകളാവാൻ, സ്നേഹമുള്ള കാമുകിയാവാൻ, കരുതലുള്ള ഭാര്യയാകാൻ, ഉത്തരവാദിത്തങ്ങളുള്ള അമ്മയാകാൻ എപ്പോഴൊക്കെയോ ഞാനും ആശിച്ചിരുന്നതല്ലേ...

നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ പോലും എന്നെ അവജ്ഞയോടെ നോക്കുന്നുണ്ടോ!!!

കട്ടിലിൽ നിന്നും എഴുന്നേറ്റ് ഒരിക്കൽ കൂടി ആ കണ്ണാടിക്കു മുൻപിൽ വന്നു നിന്നു... കലങ്ങിയ കണ്ണുകൾ തുടച്ചു മുഖത്തൊരു പുഞ്ചിരി വിടർത്താൻ ശ്രമിച്ചു... ഒപ്പം ചില പുതിയ തീരുമാനങ്ങളും മനസ്സിൽ പിറവിയെടുത്തു...

പരാതികൾക്കും പരിഭവങ്ങൾക്കും വിട പറഞ്ഞുകൊണ്ട് ഒരു പെണ്ണായ് അണിഞ്ഞൊരുങ്ങി മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചേച്ചിയും അമ്മയും മുഖത്തോടു മുഖം നോക്കി മിഴിച്ചു നിൽപ്പുണ്ടായിരുന്നു...

സാരിത്തലപ്പ് അരയിൽ ചുറ്റി നാണം തുളുമ്പുന്ന മുഖത്തോടെ തല താഴ്ത്തി അച്ഛന്റെ ഫോട്ടോക്ക് മുൻപിലെ വിളക്കിലൊരു തിരികൊളുത്തി കൈകൂപ്പി നിൽക്കുമ്പോൾ സകല ദൈവങ്ങളോടും നന്ദി പറഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ അമ്മ മുറിയിലേക്ക് നടന്നു...

അരികിലെത്തി ചേച്ചിയും അച്ഛനുമുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ പതിഞ്ഞസ്വരത്തിൽ അവൾ പറയുന്നുണ്ടായിരുന്നു...

''അഭിനയം കൊള്ളാം.... മറ്റുള്ളവർക്ക് വേണ്ടതും ഇതുമാത്രമാണ്...''

അതേ... ചേച്ചി പറഞ്ഞതാണ് ശരി... കാലമെത്ര മാറിയാലും സമൂഹത്തിൽ പെണ്ണെന്നും നാണിച്ചു തല താഴ്ത്തിപ്പിടിച്ചു നടക്കേണ്ടവളാണ്.... അങ്ങനെയുള്ളവരെ മാത്രമേ സമൂഹം പെണ്ണായ് കാണുകയുള്ളൂ.. കുനിഞ്ഞിരിക്കുന്ന ആ തലയിൽ കയറിയിരിക്കാൻ വരുന്നവരെ അച്ഛൻ പറഞ്ഞതുപോലെ ചങ്കുറപ്പോടെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തികൊണ്ട് ജീവിതമെന്ന ആട്ടക്കഥയിലെ പെൺവേഷം അഭിനയിച്ചു ഫലിപ്പിക്കാൻ ഞാൻ ഒരുങ്ങുകയാണ്..... മറ്റുള്ളവർക്ക് വേണ്ടി....

(സമർപ്പണം : പെണ്ണായ് പിറന്ന് സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ ആണായ് ജീവിക്കേണ്ടി വരുകയും വെല്ലുവിളികൾ നേരിടേണ്ടി വരുകയും ചെയ്യുന്ന നല്ലവരായ ആ സഹോദരിമാർക്ക്....)

രചന : Saran prakash

No comments:

Post a Comment