Friday, April 28, 2017

Minhaj M J

"പ്രിന്‍സേ.. , ഡാ പ്രിന്‍സേ.. ,
നീ ഇന്ന് കല്ല്യാണത്തിന് പോകുന്നില്ലേ .. ? "

അടുക്കളയില്‍ നിന്നും അമ്മച്ചീടെ വിളി കേട്ടപ്പഴാണ് സ്വപ്നലോകത്ത് നിന്നും പ്രിന്‍സ് എണീക്ക്ണത് .
ഉറങ്ങുകയായിരുന്നില്ല അവന്‍.
ഉറക്കം നഷ്ടപ്പെട്ടിട്ട് കുറേ നാളായി.

"പാലച്ചോട്ടിലെ മരിയക്കൊച്ചിന്റെ മിന്ന്കെട്ട് അല്ലയോ ഇന്ന് ..! ഡാ കൊച്ചനേ .. , നീ പോകുന്നില്ലയോ .. ?

അമ്മച്ചി പറയ്ണത് കേട്ടിട്ടാവണം വല്ല്യമ്മച്ചി അത് ഓർത്തത്.അല്ലാതെ തന്നെ ഓർക്കാന്‍ എന്തോരം കാര്യങ്ങളുണ്ട് .. !

കുറെ നാളായി ഒരാഗ്രഹം മനസ്സില് കിടക്കുന്നു . ഒരു കഥ .പക്ഷെ ഒന്നിന്വങ്ങട്ട് സമയം കിട്ടുന്നില്ല.ഇന്നെങ്കിലും അതൊന്ന് എഴുതണം .ഇതുവരെ കഥാപാത്രങ്ങൾക്കായുള്ള അലച്ചിലായിരുന്നു .ഇപ്പൊ അതൊന്ന് എഴുതാനുള്ള ബദ്ധപ്പാടും .വല്യ എഴുത്തുകാരനാകാനുള്ള മോഹം കൊണ്ടൊന്നുമല്ല .മനസ്സിലുള്ളതൊക്കെ ഒന്ന് പകർത്തണം .അത്രേ ഉള്ളൂ .

അവന്‍ മുഖം ഒന്ന് കഴുകി റൂമില് പോയി പേനേം പേപ്പറും കയ്യിലെടുത്തു .വായനാശീലം ഒന്നുമില്ല .എന്നാലും എഴുതിത്തുടങ്ങി..

കുറച്ച് കഴിഞ്ഞപ്പോഴേക്കും അവനെന്തോ അതിലെ കഥാപാത്രങ്ങൾക്കൊന്നും ഒരു പൂർണ്ണതയില്ലാത്തത് പോലെ തോന്നിയത് കൊണ്ടാവണം ആ പേപ്പർ ചുരുട്ടി ജനാലയിലൂടെ എറിഞ്ഞു .

"ഒന്നുവല്ലേലും ആ കൊച്ച് നിന്റെ കൂടെപ്പഠിച്ചതല്ലോടാ .. ഒന്ന് പോയി മുഖം കാണിക്കുന്നതോണ്ട് എന്നതാടാ കുഴപ്പം ..! "

അപ്പച്ചന്‍ മരിച്ചതില്‍ പിന്നെ അമ്മച്ചി ഇങ്ങനാ .നാട്ടിലെ എല്ലാ പരിപാടിക്കും ഞാന്‍ തന്ന പോകണം .

പഴയ ഓർമ്മകളെല്ലാം മനസ്സിലിപ്പോഴുണ്ട് .കോളേജ് ലൈഫില് വെറും നേരംപോക്കിന് തുടങ്ങിയ പ്രണയം എപ്പോഴാണ് തലക്ക് പിടിച്ചതെന്നറിയില്ല.

കഥാനായകന്‍ അവനില്‍ തന്നെ ഉള്ളപ്പോഴാണോ ഇത്രയും നാൾ കഥാപാത്രങ്ങളെ തെരഞ്ഞുനടന്നതെന്നാലോചിച്ചപ്പൊ അവന് അവനോട് തന്നെ പുച്ഛം തോന്നിപ്പോയി .

അവനിലെ എഴുത്തുകാരന്‍ അവന്‍ പോലുമറിയാതെ ഉണർന്നുകഴിഞ്ഞു.
തലക്കെട്ടിനുള്ള സ്ഥലം ഒഴിച്ചിട്ട് അവന്‍ തുടങ്ങി .

" _ആന്‍_ , അതായിരുന്നു അവളുടെ പേര് .ആരായാലും ഒന്ന് നോക്കിപ്പോകും .നല്ല അസ്സല് തറവാട്ടീപ്പിറന്ന നാടന്‍ പെണ്കൊടി.
അങ്ങനെയുള്ള ഒരു കൊച്ച് , കോളേജില് അലമ്പുണ്ടാക്കിനടന്നിരുന്ന എന്നെ ഇങ്ങോട്ട് വന്ന് ഇഷ്ടാന്ന് പറഞ്ഞപ്പൊ ആദ്യം ഒന്നമ്പരന്നെങ്കിലും ഒട്ടും വൈകാതെ തന്നെ ഞാനും അതങ്ങ് സമ്മതിച്ചു .ആദ്യമെല്ലാം മറ്റുള്ളവർക്ക് അസൂയയായിരുന്നെങ്കിലും പിന്നീടൊരിക്കല്‍ ഞങ്ങളുടെ പേരും അവിടുത്തെ ശിലകളില്‍ എഴുതപ്പെടുകയുണ്ടായി .

എന്നിലെ എന്താണ് അവൾക്ക് ഇഷ്ടായതെന്ന് ഞാന്‍ അവളോട് ചോദിക്കേം ചെയ്തില്ല .അവളൊട്ട് പറയേം ചെയ്തില്ല .

എപ്പോഴാണ് ഞാന്‍ അവളെ ആത്മാർത്ഥമായി സ്നേഹിച്ചുതുടങ്ങിയതെന്ന് എനിക്ക് തന്നെ അറിയില്ല .
അവൾക്കും എന്നെ ഇഷ്ടമായിരുന്നു , ഒരുപാട് ..
എന്നിട്ടും ..!

പത്രാസുകാരന്‍ പയ്യന്റെ ആലോചന വന്നപ്പൊ എന്നെ മറന്നതാണെന്നാ എല്ലാവരും പറയ്ണെ .സത്യം അതല്ലാന്ന് എനിക്കറിയാം .അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം . എന്നാലും എന്തിനായിരുന്നു .. ! "

അന്നാദ്യമായ് ആ വീട്ടില്‍ അവന്റെ കണ്ണുനീര് വീണു .അവന്‍ മേശമേല്‍ വെച്ചിരുന്ന പുസ്തകങ്ങൾക്കിടയില്‍ നിന്ന് ഒരു കാർഡ് പുറത്തെടുത്തു .ഒരു വിവാഹക്ഷണക്കത്ത് .അവനതിലൂടെ ഒന്ന് കണ്ണോടിച്ചു .അവനത് ഉൾക്കൊള്ളാന്‍ കഴിഞ്ഞില്ല .

അതെ ..ഇന്നവൾ മറ്റൊരുത്തന്റെ ഭാര്യ ആവാന്‍ പോകുന്നു .
താന്‍ ജീവന് തുല്യം സ്നേഹിച്ച തന്റെ _ആന്‍_ , *ആന്മരിയ* ...

രചന : Minhaj M J

No comments:

Post a Comment