Sunday, April 30, 2017

സാന്ദ്ര


"അച്ചൂ....."

തൻെറ മുന്നിൽ മുഖം താഴ്ത്തിയിരിക്കുന്ന അർച്ചനയെ അഭിഷേക് പതിയെ വിളിച്ചു...

"ഞാൻ പറയണത് നീ മനസിലാക്ക്...... തിരിച്ച് പോണം നീ....എൻെറ തീരുമാനം എന്താണെന്ന് തുറന്നു പറഞ്ഞതല്ലേ ഞാൻ.... പിന്നെയും നീ നിർബന്ധിച്ചിട്ടാ അവസാനമായി ഒന്നു കൂടി കാണാൻ ഞാൻ വന്നത്.... പക്ഷേ നീ....

എല്ലാം ഉപേക്ഷിച്ച് വന്ന നിന്നോട് ഞാൻ എന്താ പറയേണ്ടത് ....എനിക്ക് കഴിയില്ല അച്ചൂ... നീ തിരിച്ച് പോണം..... പോയേ പറ്റൂ... അച്ഛനും അമ്മാവൻമാരുമൊക്കെ നിന്നെ തിരക്കി വരും മുന്നേ....

ഞാൻ പറയണത് കേൾക്കണുണ്ടോ നീ.....

അച്ചൂ......."

അവൾ ഞെട്ടി അവൻെറ മുഖത്തേക്ക് നോക്കി... കരഞ്ഞു വീങ്ങിയ കണ്ണുകളിലേക്ക് നോക്കാനാകാതെ അവൻ പറഞ്ഞു...

"പോയി മുഖം കഴുക്... ഞാൻ തിരിച്ചുകൊണ്ടാക്കാം..."

യാതൊരു പ്രതികരണവുമില്ലാതെ തന്നെ നോക്കിയിരിക്കുന്ന അർച്ചനയോട് അവൻ വീണ്ടും പറഞ്ഞു.

"അച്ചൂ.. വെറുതേയൊരു പ്രശ്നം ഉണ്ടാക്കരുത്.... ഇപ്പോ തന്നെ ആളുകൾ ശ്രദ്ധിക്കണുണ്ട്... പ്ലീസ്....."

അവൾ ദയനീയമായി അവനെ നോക്കി.....

"അഭിയേട്ടാ.. ഞാൻ..."

"...എന്നോട് ഇത്തിരിയെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ... പറയുന്നത് അനുസരിക്കണം... ഇനി..... ഇനി എന്നെ ഉപദ്രവിക്കരുത്....." അവൻ പതിയെ പറഞ്ഞു..

പിടിച്ച് നിർത്തിയ കണ്ണീർ അണ പൊട്ടിയൊഴുകിയപ്പോൾ അർച്ചന അവിടെ നിന്ന് എഴുന്നേറ്റു.....

മുഖം കഴുകാൻ അവൾ നടന്നപ്പോൾ അവൻ തൻെറ കണ്ണുകൾ അടച്ചു...

അർച്ചന... തൻെറ അച്ചൂ... തൻെറ ജീവനേക്കാളേറെ താൻ സനേഹിക്കുന്നവൾ... സ്വന്തം പ്രാണൻ പോയാലും അവളുടെ കണ്ണു നിറയരുതെന്നും
ഈ ലോകത്ത് അവൾക്ക് കിട്ടാവുന്നതിൽ വെച്ച് നല്ലൊരു ജീവിതം നൽകണമെന്നും വാശിയുണ്ടായിരുന്നു തനിക്ക്....

ജാതിയും മതവുമെല്ലാം പലതായിരുന്നിട്ട് കൂടി സ്നേഹിച്ചു... പ്രാണൻ കൊടുത്ത് സ്നേഹിച്ചു...... അവളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു...
ഒാരോ ശ്വാസമിടിപ്പിലും നിറഞ്ഞു നിന്ന പ്രണയം......

ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം അടുത്തു പോയി....ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ... നെയ്തു കൂട്ടിയ മോഹങ്ങൾ.......

താൻ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങ് അവൾ തന്നെ സ്നേഹിക്കുന്നു... ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ട് പോകുമ്പോഴും അവളെ പിരിഞ്ഞൊരു ജീവിതം തൻെറ മനസിൽ ഇല്ലായിരുന്നു.....

അവളെ സ്വന്തമാക്കാൻ തടസമാകുന്ന എന്തിനെയും
തകർത്ത് കളയാനുള്ള ധെെര്യം ഉണ്ടായിരുന്നു തനിക്ക്.. താൻ ഒരിക്കലും കെെ വിടില്ലെന്ന വിശ്വാസം അവൾക്കും....

പക്ഷേ സ്വപ്നത്തിൽ പോലും നിനയ്ക്കാതിരുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്..... ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ വില്ലനാകുന്നത് വിധിയാണ്....
എല്ലാ പ്രണയവും പോലെ ഇതും വീട്ടിൽ അറിഞ്ഞു.. വീട്ടുകാരും ബന്ധുക്കളും കൂടി അവളുടെ വിവാഹം തീരുമാനിച്ചു.....

തനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് അഭിഷേകിൻെറ കൂടെയാകുമെന്ന് അവൾ വീട്ടിൽ തുറന്നു പറഞ്ഞു...

അങ്ങനെയാണ്
അവളുടെ അമ്മ അവനെ കാണാൻ വന്നത്......

കുടുംബത്തിലെ ഇളയ പെൺകുട്ടിയാണവൾ... ഏട്ടന്മാർക്കും അമ്മാവന്മാർക്കും കണ്ണിലുണ്ണി... അവളുടെ വിവാഹം കുടുംബത്തിലെ ഉത്സവമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്...
മോൻ ഈ ബന്ധം ഉപേക്ഷിക്കണമെന്ന് അവർ പറഞ്ഞപ്പോഴും അവളെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് അവൻ തുറന്നു പറഞ്ഞു.

പക്ഷേ പിന്നീട് ആ അമ്മ കരഞ്ഞു പറഞ്ഞു.. ഒടുവിൽ അവൻെറ കാലു പിടിക്കാൻ പോലുമൊരുങ്ങിയ ആ അമ്മയെ അവൻ താങ്ങിപ്പിടിച്ചു.. കരഞ്ഞു തളർന്ന ആ പാവത്തിനോട് എന്ത് പറയണമെന്നറിയാതെ അവൻ നിന്നു....

നൊന്തു പ്രസവിച്ച മകൾക്കായി കാലു പിടിക്കാനൊരുങ്ങിയ ആ അമ്മയ്ക്ക് മുന്നിൽ അവൻ തോറ്റു പോയി...ആ കണ്ണുനീര് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല... അമ്മയില്ലാത്തതിൻെറ സങ്കടം ആവോളം അനുഭവിച്ചറിഞ്ഞവനാണ്....

അങ്ങനെ വാക്ക് കൊടുക്കേണ്ടി വന്നു... അവളെ മറന്നേക്കാമെന്ന്.....

പോകും മുന്നെ ആ അമ്മ ഒരു കാര്യം കൂടി അവനോട് ആവശ്യപ്പെട്ടു... ഒരിക്കലും അച്ചു ഇതറിയരുതെന്ന്.......
അറിഞ്ഞാൽ ഒരിക്കലും മറ്റൊരു ജീവിതം സ്വീകരിക്കാൻ അവൾ തയ്യാറാകില്ല......

തളർന്നു പോയിരുന്നു അവൻ.. ഈ ലോകം തന്നെ ശൂന്യമായ പോലെ..... ഇനി മുന്നോട്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി... കൊടൂത്ത വാക്ക് പാലിച്ചേ പറ്റൂ... അല്ലെങ്കിൽ.. തങ്ങളെ ദഹിപ്പിച്ച് കളയാനുളള ശക്തിയുണ്ട് ആ കണ്ണുനീരിന്....

അച്ചു... അവളെ മറക്കുക.. അത് മരണത്തിന് തുല്യമാണ്.. ഉപേക്ഷിച്ചു എന്നറിഞ്ഞാൽ നെഞ്ച് പൊട്ടി മരിച്ച് പോകും ആ പാവം... പക്ഷേ ചെയ്തേ പറ്റൂ....

പതിയെ പതിയെ.. അച്ചുവിൻെ കോൾ എടുക്കാതെയും അവളുടെ മെസേജുകൾക്ക് മറുപടി കൊടുക്കാതെയും അഭി അവളിൽ നിന്നകലാൻ തുടങ്ങി... അവൻെറ മാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... പക്ഷേ അവനോടുള്ള വിശ്വാസം കൊണ്ടാവണം ആ പാവം ഒന്നും ചോദിക്കാതിരുന്നത്.

വിവാഹം തീരുമാനിച്ചെന്നും നേരിട്ട് കണ്ടേ പറ്റൂ എന്നും ഒരിക്കൽ അവൾ നിർബന്ധം പിടിച്ചു...

അന്ന് അഭിയുടെ കെെകൾ ചേർത്തു പിടിച്ച് അവൾ പറഞ്ഞു..

"അഭിയേട്ടൻെറ ഉള്ളിൽ എന്താണെന്ന് നിയ്ക്കറിഞ്ഞൂട... പക്ഷേ...... കൈ വിടരുതെന്നെ......"

"അച്ചൂ... ഇതൊക്കെ എല്ലാവരുടെയും ലെെഫിൽ നടക്കുന്നതാ.. പ്രായത്തിൻെറ ഓരോ എടുത്തുചാട്ടം.. അത് കഴിയുമ്പോ മനസിലാകും ജീവിതം എന്താണെന്ന്... ഇപ്പോ കുറച്ച് സങ്കടമൊക്കെ ഉണ്ടാകും.. പതിയെ അതൊക്കെ മറക്കും....
വീട്ടിൽ പറയുന്ന ആളെ വിവാഹം കഴിച്ച് നീ സുഖമായി ജീവിക്കണം ..."

പതിയെ അവളുടെ കെെ വിടുവിച്ച് മുഖത്ത് നോക്കാതെ അവൻ അത്രയും പറഞ്ഞൊപ്പിച്ചു...

"എനിക്ക് കഴിയില്ല അച്ചൂ... നീ എല്ലാം മറക്കണം.... ആദ്യം കുറച്ച് സങ്കടം ഉണ്ടാവും.. പക്ഷേ പിന്നെ എല്ലാം മറക്കും..മറന്നേ പറ്റൂ..."

ഒന്നും മനസിലാകാതെ അഭിയെ നോക്കി അവൾ നിന്നു... അവളുടെ കണ്ണുകളിലേക്ക് നോക്കിയാൽ താൻ പഴയ അഭിയാകുമെന്ന പേടിയുള്ളതു കൊണ്ട് അവൻ നടന്നു ...

"അഭിയേട്ടാ..." അച്ചു ഇടറിയ ശബദത്തിൽ വിളിച്ചു..... അവനറിയാതെ അവൻെറ കാലുകൾ നിശ്ചലമായി...

"ചതിയ്ക്കുകയായിരുന്നു ല്ലേ ഇത്രയും നാൾ...."

വിങ്ങിപ്പൊട്ടി അവളത് ചോദിച്ചപ്പോൾ അവൻെറ ചങ്ക് പിടഞ്ഞു...

തിരിഞ്ഞു നോക്കാതെ അവൻ നടന്നപ്പോൾ അവൾക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയായിരുന്നു.. ഈ ലോകം തന്നെ ഇല്ലാതായ അവസ്ഥയിൽ അർച്ചന നിന്നു... കണ്ണിൽ ഇരുട്ട് കയറും പോലെ ......,
മറ്റൊരാളുടെ കൂടെ ജീവിക്കുക... അത് ഈ ജന്മം ണ്ടാവില്ല...

അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് അവൾ അഭിഷേകിനോടാവശ്യപ്പെട്ടു... അവളുടെ നിർബന്ധത്തിനു വഴങ്ങി അവൻ സമ്മതിച്ചു... അങ്ങനെയാണ് അവൻ അവളെ കാണാൻ വന്നത്..

പക്ഷേ സകലതും ഉപേക്ഷിച്ച് അഭിയോടൊത്ത് ഒരു ജീവിതം തുടങ്ങാനായാണ് അവൾ വന്നത്..... കയ്യിൽ ബാഗുമായി നിൽക്കുന്ന അവളെ കണ്ട് ഞെട്ടിപ്പോയി അഭി....

അവളെ കൂടെ കൊണ്ടുപോകാൻ മനസ് കൊതിച്ചെങ്കിലും ആ അമ്മയുടെ മുഖമായിരുന്നു അവൻെറ മനസിൽ... തേങ്ങുന്ന മനസോടെ അവൻ അവളെ തിരികെ അയക്കാനൊരുങ്ങി...
..................................

അർച്ചന മുഖം കഴുകി തിരികെ വന്നു...
അവളുടെ കണ്ണുകൾ കരഞ്ഞ് ചുവന്നിരുന്നു...

"അച്ചു പൊയ്ക്കോളൂ.. ഇനി ഇവിടെ നിന്നാൽ ശരിയാകില്ല.. ആരെങ്കിലും കാണും... ഞാൻ കൊണ്ടാക്കണോ..."

അവൻെറ ചോദ്യത്തിന് മറുപടി പറയാതെ അവൾ ബാഗുമായി ഇറങ്ങി...

അഭിഷേകിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി... തൻെറ പ്രാണനെയാണ് പറിച്ചെടുത്ത് കളഞ്ഞിരിക്കുന്നത്.. പക്ഷേ ചെയ്തേ പറ്റൂ......

അർച്ചന റോഡിലേക്കിറങ്ങി... അലസാന പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു... തൻെറ പ്രണയം സത്യമായിരുന്നു.. അത് മറക്കാൻ ഈ ജന്മം കഴിയില്ല... മറ്റൊരാളെ ആ സ്ഥാനത്ത് കാണാനും... എല്ലാം ഉപേക്ഷിച്ച് വന്ന തന്നെ അഭിയേട്ടൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നോർത്തു... പക്ഷേ.......

തല കറങ്ങുന്നതു പോലെ തോന്നി അവൾക്ക്... പാഞ്ഞു വരുന്ന ഏതോ വണ്ടിയുടെ ശബ്ദം മാത്രമേ കേട്ടുള്ളൂ....

ആളുകളുടെ ബഹളം കേട്ട് അഭിഷേക് പുറത്തേക്കിറങ്ങി നോക്കി...

ബോധം ഇല്ലാണ്ടല്ലേ റോഡ് ക്രോസ് ചെയ്യണേ.. പിന്നെങ്ങനെ വണ്ടി ഇടിക്കാതിരിക്കും... ആരോ പറഞ്ഞത് അവ്യക്തമായി കേട്ടു...

ആളുകൾ കൂടി നിൽക്കണ സ്ഥലത്തേക്ക് നടന്നപ്പോൾ ആരോ കയ്യിൽ കടന്ന് പിടിച്ചു ചോദിച്ചു...

"ആരായിരുന്നു ആ കുട്ടി..? നേരത്തെ കൂടെയുണ്ടായിരുന്ന....."

"അച്ചു....!!!"

അയാൾ പറഞ്ഞ് മുഴുവനാക്കും മുന്നെ അഭി അവിടേക്ക് വേഗത്തിൽ നടന്നു.. അയാൾ വീണ്ടും കയ്യിൽ പിടിച്ചു..

"അങ്ങോട്ട് പോകണ്ട.... കാണാതിരിക്കണതാ ഭേദം..."

അയാളുടെ കെെ വിടുവിച്ച് അഭിഷേക് അങ്ങോട്ട് ഓടി, ആൾക്കാരെ തട്ടി മാറ്റി
അവൻ നോക്കി...

ഒന്നേ കണ്ടുള്ളൂ...
ചതഞ്ഞരഞ്ഞ് , രകതത്തിൽ കുളിച്ച് അച്ചു....

അവൻ മുഖം പൊത്തി നിലത്തേക്കിരുന്നു...

കണ്ണുകൾ എന്നെന്നേക്കുമായി അടയുമ്പോൾ അച്ചു കണ്ടത് അവളിൽ നിന്ന് ഒഴുകിയകലുന്ന അവളുടെ രക്തവും പ്രാണനേക്കാൾ സ്നേഹിച്ച അഭിയുടെ മുഖവുമായിരുന്നു.....

രചന: സാന്ദ്ര

No comments:

Post a Comment