അമ്മ തന്നുവിട്ട പാലുമായി മണിയറ വാതിലിന് മുന്നിലെത്തിയപ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ആ വാതിലുകൾ തുറക്കാനുള്ള ശക്തി എന്റെ കൈകൾക്കില്ലായിരുന്നു....
മടിച്ചു മടിച്ചു വാതിൽ തുറന്ന് അകത്തു കയറിയ എന്നെ കണ്ടയുടനെ കട്ടിലിൽ ഇരിക്കുകയായിരുന്ന അവൻ ചാടി എഴുന്നേറ്റു മാറി നിന്നു....
എന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി അവനോ അവനെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കോ ഇല്ലായിരുന്നു...
എല്ലാം വിധിയാണെന്നറിയാമെങ്കിലും ഇതുപോലൊരു വിധി ആർക്കും വരുത്തരുതേ എന്ന് അറിയാതെ പ്രാർത്ഥിച്ചുപോയി....
ആ മണിയറയെന്ന എലിക്കെണിയിൽ അകപ്പെട്ട രണ്ട് എലികളെപ്പോലെ ഞങ്ങളുടെ മനസ്സുകൾ പരക്കം പായുകയായിരുന്നു...
അല്പനേരത്തെ മൗനത്തിനും എന്ത് ചെയ്യണമെന്നറിയാത്ത പരവേശത്തിനും ശേഷം അവനാ മുറിയുടെ മൂലയിൽ വിരിപ്പ് കുടഞ്ഞിട്ടു കിടന്നു....
നിന്ന് കാലു കഴച്ചപ്പോൾ ഞാനും കട്ടിലിൽ ഇരിപ്പുറപ്പിച്ചു....
ഉറക്കം വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കിടന്നില്ല..
അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന ഉണ്ണിയും മാളുവും ആയിരുന്നു മനസ്സ് നിറയെ...
എണീറ്റ് പോയി അവരെ കെട്ടിപ്പിടിച്ചു കിടക്കണമെന്നുണ്ടായിരുന്നു.
പക്ഷേ ഈ മണിയറ ഒരു എലിക്കെണിയാണ്
അമ്മയുടെ സ്നേഹം കൊണ്ടുണ്ടാക്കിയ എലിക്കെണി...
ഞാനും സതീശനും ഇനിയൊരിക്കലും മോചിപ്പിക്കപ്പെടില്ലെന്നറി
ഞാനിപ്പോൾ ഇവിടെ നിന്നും ഇറങ്ങിയാൽ അമ്മ വിഷമിക്കും...
സതീശനും അതറിയാം...
അമ്മയുടെ സന്തോഷമായിരുന്നു അവന് ഏറ്റവും വലുത്...
അമ്മ പോയി കിണറ്റിൽ ചാടാൻ പറഞ്ഞാൽ മറുചോദ്യം ചോദിക്കാതെ പോയി ചാടും...
അത്ര പഞ്ചപാവമാണ്...
അമ്മ ചിന്തിച്ചത് ഉണ്ണിയുടെയും മാളുവിന്റെയും ഭാവി ആയിരുന്നു...
അമ്മ അവരെ ജീവന് തുല്യം സ്നേഹിച്ചിരുന്നു...
ഒരിക്കലും അവരെ പിരിയാൻ അമ്മയ്ക്ക് കഴിയുമായിരുന്നില്ല...
മാത്രവുമല്ല ആരോരുമില്ലാത്ത ഞാൻ എവിടേക്ക് പോവും എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു...
സതീശൻ മറ്റൊരുത്തിയെ ആ വീട്ടിലേക്ക് കൊണ്ടുവന്നാൽ എന്റെയും മക്കളുടെയും അവസ്ഥ കഷ്ടത്തിലാകുമെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു...
അമ്മയുടെ കാലശേഷവും ഞങ്ങൾ സന്തോഷമായിരിക്കണമെന്നും...
അതുകൊണ്ടാവാം അമ്മ ഇങ്ങനൊരു തീരുമാനത്തിൽ എത്തിയത്....
പക്ഷേ സതീശൻ....
അവനെനിക്ക് സ്വന്തം അനിയൻ തന്നെ ആയിരുന്നു....
അവന് തിരിച്ചും അങ്ങനെത്തന്നെ ആണ്..
ഏട്ടത്തിയമ്മേ എന്ന് മുഴുമിപ്പിച്ചു വിളിക്കില്ല
എന്നിട്ടും...
ആദ്യമായി ആ വീട്ടിലേക്ക് വലതുകാൽ വച്ചു കയറിയ നാൾ മുതലായിരുന്നു ഞാൻ ജീവിതം എന്തെന്നറിഞ്ഞു തുടങ്ങിയത്....
ആരോരുമില്ലാതെ വളർന്ന എനിക്ക് സ്നേഹനിധിയായ ഒരമ്മയെയും പ്രായം കൊണ്ട് മൂത്തതെങ്കിലും ഒരനിയനെയും കിട്ടിയപ്പോൾ ഞാനറിയാതെ അഹങ്കരിച്ചുപോയി....
ഈ ലോകം മുഴുവൻ കീഴടക്കിയ പ്രതീതിയായിരുന്നു...
നന്ദേട്ടനും അതേ...
ആരെയും ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കാൻ ആ വീട്ടിലുള്ള ആർക്കും പറ്റില്ലായിരുന്നു...
നന്ദേട്ടനെ ആദ്യമായി കണ്ടുമുട്ടിയത് ഞാൻ ജോലി ചെയ്തിരുന്ന തുണിക്കടയിൽ വച്ചായിരുന്നു....
പിന്നീടദ്ദേഹം ഒരു സ്ഥിരം സന്ദർശകനായി...
പക്ഷേ ആ സമയങ്ങളിൽ ഒരിക്കൽ പോലും അദ്ദേഹം എന്നോടെന്തെങ്കിലും സംസാരിച്ചതായി ഞാൻ ഓര്ക്കുന്നില്ല....
നന്ദേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി കാണാൻ എന്നെ പ്രേരിപ്പിച്ചതും അദ്ദേഹത്തിന്റെ ആ ഒരു പ്രകൃതമായിരിക്കാം...
ഞാനും അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങി എന്ന് അദ്ദേഹത്തിന് മനസ്സിലായിത്തുടങ്ങിയ സമയത്താണ് പുതിയൊരു അതിഥി എന്നെ തേടിയെത്തിയത്....
ആദ്യം ഒന്നും സംസാരിച്ചില്ല....
ഒരു പത്ത് മിനിറ്റോളം എന്നെത്തന്നെ നോക്കിനിന്നശേഷം ചോദിച്ചു...
"മോളെ... എനിക്ക് പെണ്കുട്ടികളില്ല...
ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം...
മോളെ ഞാനെന്റെ വീട്ടിലോട്ടു ക്ഷണിച്ചോട്ടെ...
മരുമകളായിട്ടല്ല സ്വന്തം മോളായിട്ട്... "
കണ്ണിൽ വെള്ളം നിറഞ്ഞത് കാരണം എനിക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല...
ആ അമ്മയെന്നെ മാറോടു ചേർത്ത് കെട്ടിപ്പിടിച്ചപ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞുപോയി....
പിന്നീടെല്ലാം പെട്ടെന്നായിരുന്നു...
അച്ഛൻ നേരത്തെ മരിച്ചുപോയതു കൊണ്ടും എനിക്ക് ബന്ധുക്കളായി ആരും ഇല്ലാത്തതുകൊണ്ടും എല്ലാം മുന്നിൽ നിന്ന് നടത്തിയത് അമ്മയായിരുന്നു...
എനിക്കുള്ള വിവാഹസാരി പോലും വാങ്ങിയത് അമ്മയായിരുന്നു....
പിന്നീട് സന്തോഷത്തിന്റെ നാളുകൾ...
നന്ദേട്ടൻ അമ്മ അനിയൻ എല്ലാരും എന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചു...
അതിനിടയിലേക്ക് ഉണ്ണിയും മാളുവുംകൂടി കടന്നുവന്നതോടെ എന്റെ സന്തോഷം അതിര് കടന്നുപോയോ എന്നൊരു തോന്നൽ...
അതിനുള്ള ശിക്ഷയായിട്ടാവണം ദൈവം നന്ദേട്ടനെ എന്നിൽ നിന്നും......
ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു...
ഏതാണ് ശരി ഏതാണ് തെറ്റ് എന്നെനിക്കറിയില്ല....
ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ...
ശരിക്കും ആരാണിവിടെ തെറ്റ് ചെയ്തത്....
മൂത്ത മകൻ മരിച്ചപ്പോൾ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് വിധവയാകേണ്ടി വന്ന യുവതിയായ മരുമകളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി..
സ്വന്തം മകന്റെ കുട്ടികൾ അന്യാധീനപ്പെട്ടു പോകാതിരിക്കാൻ വേണ്ടി
ഇളയ മകനെക്കൊണ്ട് സ്വന്തം ഏടത്തിയമ്മയുടെ കഴുത്തിൽ മിന്നുകെട്ടിച്ച അമ്മയാണോ തെറ്റുകാരി...
അതോ അമ്മയുടെ വാക്ക് ധിക്കരിക്കാനാവാതെ മരിച്ചുപോയ ഏട്ടന്റെ ഭാര്യയുടെ കഴുത്തിൽ മിന്നു കെട്ടിയ സതീശന്റെ ഭാഗത്താണോ തെറ്റ്....
അതുമല്ലെങ്കിൽ സ്വന്തം അനിയനെപ്പോലെ കരുതിയവന്റെ മുന്നിൽ മനസ്സില്ലാ മനസ്സോടെ കഴുത്തു നീട്ടിക്കൊടുത്ത ഞാൻ ചെയ്തതാണോ തെറ്റ്....
അറിയില്ല.... ഒന്നും അറിയില്ല...
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണല്ലോ...
ഇന്നല്ലെങ്കിൽ നാളെ സ്വന്തം മക്കളുടെ ഭാവിയെ കരുതിയെങ്കിലും ഞാൻ സതീശനെ ഭർത്താവായി അംഗീകരിച്ചേ മതിയാവൂ...
സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അൽപ്പം സമയം വേണമെന്ന് മാത്രം
രചന : Saleelbinqasim

No comments:
Post a Comment