''ഇറങ്ങി വാടി ഇങ്ങോട്ട്...''
അവധി കഴിഞ്ഞ് തിരികെ ജോലിക്കായ് ചെന്നൈയിലേക്കുള്ള യാത്രയിൽ ബസ്സിലിരിക്കവേയാണ് കലിതുള്ളി അയാൾ കയറിവന്നത്... അടുത്ത സീറ്റിലിരിക്കുന്ന ഒരു പെൺകുട്ടിയുടെ കൈപിടിച്ച് അയാൾ വലിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു... കൂടെയിരുന്ന ചെറുപ്പക്കാരൻ എതിർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതൽ ബലം പ്രയോഗിച്ച് അയാൾ അവളെ വലിച്ചു...
കാര്യമെന്തറിയാതെ മറ്റുയാത്രക്കാർ ആ മനുഷ്യനുനേരെ കൈ ഉയർത്തുമ്പോൾ അയാൾ അലറുന്നുണ്ടായിരുന്നു...
''അതെന്റെ മകളാണ്....''
കേട്ടുനിന്നവർ പരസ്പരം മിഴിച്ചുനോക്കി... തല താഴ്ത്തി നിന്നവൾ ഏങ്ങി കരയുമ്പോൾ ബന്ധുക്കളെന്നു തോന്നിക്കുന്ന ചിലർ വന്നു അവളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
''ഒളിച്ചോട്ടം ഒരു പരിഹാരമല്ല... മോൾക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിന് ഞങ്ങൾ ഇനി നിർബന്ധിക്കില്ല... പക്ഷേ ഇപ്പോൾ മോൾ ഞങ്ങളുടെ കൂടെ വരണം.... കുടുംബത്തിന്റെ മാനം കളയരുത്... മോള് പോയതറിഞ്ഞ് തളർന്നു വീണ അമ്മയെ ഓർത്തെങ്കിലും നീ ഇപ്പോൾ കൂടെ വന്നേ പറ്റൂ...''
ഒരുപക്ഷേ പെറ്റവയറിനെ കുറിച്ചു പറഞ്ഞപ്പോഴാകാം തലയുയർത്തി അവൾ അവരെ നോക്കി... അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർതുള്ളികൾ അണപൊട്ടിയൊഴുകുന്നുണ്ടായിരു
''അച്ഛാ... അമ്മ??? എനിക്കെന്റെ അമ്മയെ കാണണം....''
അച്ഛന്റെ നെഞ്ചിലേക്ക് ചരിഞ്ഞവൾ പൊട്ടിക്കരയുമ്പോൾ അവളെ സമാധാനിപ്പിച്ചുകൊണ്ട് വന്നവരെല്ലാം അവളെയും കൂട്ടി പുറത്തേക്ക് നടന്നു...
പുറകെ തലയും താഴ്ത്തി ആ ചെറുപ്പക്കാരനും...
''കൊലക്കു കൊടുക്കാൻ കൊണ്ടുപോകാ... പാവം...''
എന്റെ അരികിലിരുന്ന മധ്യവയസ്‌കൻ ഒരു പുച്ഛത്തോടെ ആരോടെന്നില്ലാതെ പറയുമ്പോൾ, അതിന്റെ പൊരുളറിയാതെ ഞാൻ അയാളെ കണ്ണുചുളിച്ചു നോക്കി...
''എനിക്ക് തോന്നുന്നില്ല അവളുടെ ഇഷ്ടത്തെ അവർ അംഗീകരിക്കുമെന്ന്... എവിടെയെങ്കിലും പോയി സുഖമായി ജീവിക്കേണ്ടവരായിരുന്നു....
അവർ പോകുന്നതും നോക്കികൊണ്ടിരുന്നയാൾ പറഞ്ഞു...
''പക്ഷേ ഒളിച്ചോട്ടം ഒരു തെറ്റ് തന്നെയല്ലേ... വളർത്തിവലുതാക്കിയ അച്ഛനമ്മമാരോട് ചെയ്യുന്ന വലിയൊരു ക്രൂരതയല്ലേ...''
ഒരുപക്ഷേ വീട്ടിലിരിക്കുന്ന പെങ്ങളുടെ മുഖം ഓർമ്മവന്നതുകൊണ്ടാകാം അയാളുടെ വാക്കുകൾക്ക് ഞാൻ അസംതൃപ്തി പ്രകടിപ്പിച്ചത്...
പക്ഷേ മറുപടിയായി അയാൾ അൽപ്പനേരം അട്ടഹസിച്ചു... പെട്ടന്നുതന്നെ ആ അട്ടഹാസം നിലക്കുകയും ചെയ്തു... ഒപ്പം കാർമേഘം വന്നിരുണ്ടുമൂടിയ ആകാശം പോലെ അയാളുടെ മുഖത്തെ തെളിച്ചം മാഞ്ഞില്ലാതായി....
കയ്യിലിരുന്ന പേഴ്‌സ് തുറന്നയാൾ നോക്കി... അതിൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖം...
''എന്റെ ഒരേയൊരു മകൾ... മീര...''
ഒരു പുഞ്ചിരിയോടെ അയാൾ അതു പറയുമ്പോൾ പെയ്യാനൊരുങ്ങി നിൽക്കുന്ന ആകാശം പോലെ ആ കണ്ണുകളും മാറിയിരുന്നു...
''ഏതൊരച്ഛനും അമ്മയ്ക്കും ജീവിതത്തിലെ വലിയ സമ്പാദ്യമെന്നു പറയുന്നത് മക്കളാണ്... എനിക്കും അങ്ങനെയായിരുന്നു... എന്റെ ജീവനേക്കാൾ ഏറെ ഞാൻ എന്റെ മകളെ സ്നേഹിച്ചു... ചെറിയ കാര്യങ്ങളിൽ പോലും അവളുടെ ഇഷ്ടം തിരിച്ചറിഞ്ഞ് കിട്ടാവുന്നതിൽ നല്ലത് തന്നെ ഞാൻ അവൾക്ക് തിരഞ്ഞെടുത്തുകൊടുത്തു.... അദ്ധ്യാപികയാവണമെന്ന അവളുടെ മതിയായ ആഗ്രഹം പോലും ഞാൻ അവൾക്ക് നേടിക്കൊടുത്തു... അതുകൊണ്ടാകാം,, അമ്മയേക്കാൾ ഏറെ സ്നേഹം അവൾക്ക് എന്നോടായിരുന്നു.... ഞങ്ങളുടെ സ്നേഹം കണ്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്... അസൂയപ്പെട്ടിട്ടുണ്ട്....
പക്ഷേ.....''
വാക്കുകൾ മുഴുവിപ്പിക്കാതെ അയാൾ എന്നെ നോക്കി... ആ കണ്ണുകൾക്ക് ഒരുപാട് കാര്യങ്ങൾ എന്നോടു പറയാനുള്ളതുപോലെ...
''പക്ഷേ????'' ആകാംക്ഷയോടെ ഞാൻ ചോദിച്ചു..
''വിവാഹകാര്യത്തിലും അവളുടെ നല്ല ഭാവി ഓർത്ത് കിട്ടാവുന്നതിൽ നല്ലൊരു ബന്ധം തന്നെ ഞാൻ അവൾക്കായ് കണ്ടെത്തി.. പക്ഷേ, അപ്പോഴാണ് ഞാൻ അറിയുന്നത്.. അവൾക്കൊരു പ്രണയമുണ്ടെന്ന്... സ്കൂളിൽ കൂടെ ജോലിചെയ്യുന്ന മാഷായിരുന്നു... കരഞ്ഞു കാലുപിടിച്ചുകൊണ്ട് എന്റെ കുട്ടി ഒരുപാടാവർത്തി പറഞ്ഞുനോക്കി... എന്തോ എന്റെ മനസ്സ് അതിനു വഴങ്ങിയില്ല... അമ്പിളിമാമനു വേണ്ടി വാശികാണിക്കുന്ന കുട്ടിയെ പോലെയായിരുന്നു അവളുടെ ആ ആഗ്രഹം എനിക്ക്... എനിക്ക് മാത്രമല്ല... ഏതൊരു അച്ഛനും ഒരുപക്ഷേ അങ്ങനെ ആയിരുന്നേക്കാം... ആ പ്രായത്തിൽ തോന്നാവുന്ന ഒരു മതിഭ്രമം മാത്രമാണെന്ന് കരുതി ആ ഇഷ്ടത്തെ..''
തറവാടിത്തവും അന്തസ്സും ജാതകപൊരുത്തവും നോക്കി കണ്ടെത്തിയ ചെക്കനും അവളുടെ ആ ഇഷ്ടത്തെ ഒരു കളിതമാശയായി കണ്ടപ്പോൾ അവളുടെ ഇഷ്ടം വക വെക്കാതെ ഞങ്ങൾ ആ കല്ല്യാണം നടത്തി.''
ഒരു ദീർഘനിശ്വാസത്തോടെ അയാൾ എന്നെ നോക്കി... ആകാംക്ഷയോടെ ഞാൻ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു...
''ജാതകപൊരുത്തവും പണവും പ്രതാപവുമൊന്നുമല്ല ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം... മനപ്പൊരുത്തമാണ്... പരസ്പരം മനസ്സിലാക്കാൻ കഴിയുന്നവർക്കേ സ്നേഹിക്കാൻ കഴിയൂ... സ്നേഹിക്കാൻ കഴിയുമെങ്കിലേ ജീവിതം ജീവിതമാകൂ... ആ മനപ്പൊരുത്തം ഇല്ലാത്തതുകൊണ്ടാകാം എല്ലാം അവസാനിപ്പിച്ച് അവളങ്ങു പോയത്....''
നിറഞ്ഞു തുളുമ്പിയ കണ്ണീരോടെ അയാൾ പറയുമ്പോൾ ഒരു ഞെട്ടലോടെ ഞാൻ ആ കൈകളിലേക്ക് നോക്കി... മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ബലിയാടാകേണ്ടി വന്ന അവളുടെ മുഖം കണ്ട് എന്റെ കണ്ണ് നിറഞ്ഞുവോ!!!!
''പൊരുത്തപ്പെട്ട് പോകാൻ ഒരുപാട് ശ്രമിച്ചിരുന്നു എന്റെ കുട്ടി... പക്ഷേ നൂലുപൊട്ടിയ പട്ടം പോലെ ദിശയറിയാതെ സഞ്ചരിച്ചു തുടങ്ങിയ അവളുടെ മനസ്സിനെ ചേർത്തുപിടിക്കാൻ ആരുമുണ്ടായില്ല... ഈ ഞാൻ പോലും....
പ്രണയമെന്നു കേൾക്കുമ്പോഴേക്കും കൊടിപിടിക്കുന്നവരാ നമ്മളിൽ ഭൂരിഭാഗവും... പക്ഷേ എന്റെ മോളാഗ്രഹിച്ചപോലെ നല്ല പ്രണയങ്ങളും ഉണ്ട്... ഒരാളെങ്കിലും എന്നെ പറഞ്ഞോന്നു തിരിത്തിയിരുന്നെങ്കിൽ എന്റെ കുട്ടിയിന്നു ജീവനോടെ ഉണ്ടായേനെ...''
നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുമാറ്റി അയാൾ സീറ്റിലേക്ക് ചരിഞ്ഞിരിന്നു... എന്ത് പറയണമെന്നറിയാതെ ഞാൻ തലതാഴ്ത്തിയും...
സത്യത്തിൽ അതൊരു തിരിച്ചറിവായിരുന്നു... ദോഷമുള്ള എന്റെ ജാതകത്തോട് ചേരുന്ന ഒരു പെണ്ണുകാണലിനായിരുന്നു ഞാൻ അവധിക്ക് നാട്ടിൽ പോയത്... തനിക്കൊരു പ്രണയമുണ്ടെന്നും വീട്ടുകാർ എതിർപ്പാണെന്നും അവൾ പറഞ്ഞപ്പോൾ, ആ പ്രായത്തിൽ അതൊരു സർവ്വസാധാരണമായ കാര്യമാണെന്നും, വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്നും, ദോഷമുള്ള എന്റെ ജാതകത്തോട് ഇത്ര പൊരുത്തമുള്ള മറ്റൊരു കുട്ടിയെ ഇനി കിട്ടില്ല എന്നും മറ്റുള്ളവർ പറഞ്ഞപ്പോൾ, അവളുടെ ഇഷ്ടം വക വയ്ക്കാതെ ഞാനും സമ്മതം മൂളുകയായിരുന്നു...
ഒരു ദീർഘ നിശ്വാസത്തോടെ ചില തീരുമാനങ്ങൾ മനസ്സിലുറപ്പിച്ച് ഫോണെടുത്തു ഞാൻ അവളെ വിളിച്ചു...
''പ്രിയ.. കാര്യങ്ങൾ തിരിച്ചറിയാൻ അൽപ്പം വൈകിപ്പോയി... താൻ പറഞ്ഞതുപോലെ ഞാൻ ഈ വിവാഹത്തിൽ നിന്നും പിന്മാറുകയാണ്... തിരഞ്ഞെടുത്ത ജീവിതത്തിൽ ശരികളുണ്ടെങ്കിൽ, നല്ലതാണെന്ന വിശ്വാസമുണ്ടെങ്കിൽ, നേടിയെടുക്കാൻ ശ്രമിക്കുക... എതിർപ്പുകളുണ്ടാകും... പക്ഷേ ഓർക്കുക.... കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന പഴമൊഴി...''
മറുപടിക്കായി കാത്തുനിൽകാതെ ഫോൺ എടുത്തുവെയ്ക്കുമ്പോൾ കണ്ണീർ വറ്റി തളർന്ന ആ മനുഷ്യൻ എന്റെ തോളിലേക്ക് ചരിഞ്ഞുകിടന്നു മയക്കത്തെ കൂട്ടുപിടിച്ചിരുന്നു...
ദൈവം ചിലപ്പോൾ അങ്ങനെയാണ്... ചില തിരിച്ചറിവുകൾക്കായി ചിലരെ നമ്മുടെ മുൻപിലെത്തിക്കും... ദാ... ഇതുപോലെ....
രചന : saran prakash

No comments:
Post a Comment