"റാഷിക്കാ... ഇങ്ങള് ഏടെ...?"
"ഞാൻ സൈനുന്റെ കടേലാ..., എന്തേ മുന്യേ...?"
"അതേ... ഉമ്മേം ഉപ്പേം ആസ്യമ്മായിന്റെ വീട്ടിൽ പോവാൻ വേണ്ടി ഇങ്ങളെ കാത്തിരിക്കാ..., ഞാനെന്താ ഓരോട് പറയേണ്ടേ...?"
"പൊന്നുമോളെ ഇയ്യ് എടങ്ങേർണ്ടാക്കല്ലേ..., ഞാൻ ഇവടെല്ലാന്ന് പറ....
ങ്ങാ... പിന്നെ രാവിലെ ഉപ്പ കറന്റു ബില്ല് അടക്കാൻ വേണ്ടി പറഞ്ഞീനി..., അതോണ്ട് ഞാനിപ്പോ KSEB ന്റെ ഓഫീസിലാ ഉള്ളേന്ന് പറഞ്ഞേക്ക്.
പിന്നൊരു മിനിട്ടേ... ഞാൻ ഷുക്കൂറിന് whatsappil ഒരു മെസ്സേജ് ഇപ്പൊ തന്നെ കൊടുക്കാ... ഒരഞ്ചു മിനിറ്റ്... അതിന്റെ ഉള്ളിൽ ഓനും ഓന്റെ ഓട്ടോറിക്ഷ പെരീലെത്തും. ഓരോട് അതിൽ പോവാൻ പറ.."
"അതേയ് ഈ കട്ടക്ക് നിക്കാത്ത നൊണ പറയാൻ എന്നെകൊണ്ട് പറ്റൂലാ... ഇങ്ങളെന്നെ അങ്ങട് പറഞ്ഞേക്കീ... മാത്രോല്ല വയറ്റിലുള്ള സമയത്തു പെണ്ണുങ്ങൾ നൊണ പറയാൻ പാടില്ലാന്നാ ഇന്നാള് മാളു പറഞ്ഞത്..."
"അങ്ങനേണല്ലേ..., എന്നാലേ ഒരഞ്ചു മിനിറ്റേ..., ഞാനിപ്പോ വരാ..., എന്നിട്ട് ഞങ്ങൾ ആസ്യാമ്മായിന്റെ വീട്ടിലൊക്കെ പോയി ഒരു ബിരിയാണിയൊക്കെ കഴിച്ചു സാവധാനം വൈകീട്ടങ്ങനെ വരാട്ടോ...!"
"ആഹാ... അപ്പോ ഞാനോ...!"
"നീ വീട്ടിൽ നിന്നോണം...!"
"ആ...ഹാ.... നടന്നതന്നെ...! ഞാനും പോരും...!"
"നടക്കൊന്നും വണ്ടാ... നീ അവിടെത്തന്നെ നിന്നാ മതി, ഞങ്ങൾ പൊയ്ക്കോണ്ട്...!"
"എങ്ങനെ...! ഞാൻ ഇപ്പൊത്തന്നെ മാറ്റാൻ പോവാ..."
"അതേയ് വയറ്റിൽള്ള സമയത്തു പെണ്ണ്ങ്ങൾ ഇങ്ങനെ മാറ്റി ഒരുങ്ങി കൂടുതൽ യാത്ര ചെയ്യാനൊന്നും പാടില്ല, അപ്പൊ മാളു അതൊന്നും പറഞ്ഞു തന്നീല്ലേ അനക്...?"
"അയ്യടാ... അങ്ങനെ ഞാനില്ലാതെ ഇങ്ങളിപ്പോ എങ്ങടും പോവണ്ടാട്ടോ...!"
"അതാ പൊട്ടത്തീ അന്നോട് ഞാൻ നേരത്തെ പറഞ്ഞേ... അവര് ഷുക്കൂറിന്റെ ഓട്ടോൽ കേറി പൊയ്ക്കോട്ടേ... പിന്നെ ഇന്നു മൊത്തം നമ്മക്ക് അടിച്ചു പൊളിക്കാല്ലോ...!"
"ഉം..." മുനീറ ഒരുനിമിഷം പെരുവിരൽ കൊണ്ട് മണ്ടയിൽ വെറുതെ കോറികൊണ്ട് എന്തോ ആലോചിച്ചു. താമസിയാതെ അവളുടെ തലയിൽ 500 ന്റെ ഒരു ബൾബ് പൂത്തിരി പോലെ പരപരാ കത്തി നിന്നു.
"സമ്മതിച്ചു ഞാൻ ഇങ്ങളെ..." പ്രിയ ഭർത്താവിനെ അഭിനന്ദിച്ചോടൊപ്പം പെട്ടെന്നാണ് അവൾക്ക് വെളിപാടുണ്ടായത് "പക്ഷേങ്കിൽ ഇതുപോലെ എന്നേം ഇങ്ങള് കുറേ പറ്റിച്ചിട്ടുണ്ടാവും... ഇല്ലേ...!!!?"
"എന്താ സംശയം...? കൊറേ അല്ല... ഒരുപാട് പറ്റിച്ചിട്ടുണ്ട്..."
"ഉം..... തരാട്ടോ... ഇങ്ങോട്ട് വാ...!"
"സന്തോഷം.... ഞാൻ ഇപ്പൊ വരാട്ടോ..."
പിന്നെ ഒട്ടും വൈകിയില്ല റാഷിദ് മൊബൈൽ കീശയിലേക്കിട്ട് വേഗം സൈനുന്റെ കടയിൽ നിന്നും കുറച്ചു ബസ്മതി അരിയും ഒരു ചിക്കാനും അൽപ്പം അല്ലറ ചില്ലറ സാധനങ്ങളും വാങ്ങിച്ചു ഒരു കവറിലാക്കി വേഗം വീട്ടിലേക്കു വിട്ടു.
അവൻ വീട്ടിലെത്തിയപ്പോ മുൻവശത്തു തന്നെ വഴിക്കണ്ണുമായി നിൽക്കുന്നുണ്ടായിരുന്നു പ്രിയ പത്നി മുനീറ.
"ഇതെന്താ ഇന്ന് നല്ല കോളൊക്കെ കൊണ്ടാണല്ലോ വരണത്...! എന്തു പറ്റി...?"
അവൾ ഇരു കൈകളിലും നിറയെ കീസും തൂക്കി പിടിച്ചു വരുന്ന ഇക്കയുടെ അടുത്തേക്കു ചെന്നു കൈകൾ നീട്ടി.
"വേണ്ട... ഇനി ഇത് ഏറ്റിയിട്ട് കുറച്ചു കഴിഞ്ഞു 'എനിക്കൊനിന്നും വയ്യെന്ന്' പറഞ്ഞു നടു വെട്ടിയപോലെ പോയി കിടക്കാനല്ലേ. അതു വേണ്ടട്ടോ, ഇന്നത്തെ പണി മുഴുവൻ ഞാൻ എന്റെ പറ്റിൽ എഴുതി ചേർക്കാൻ തീരുമാനിച്ചു.."
"ആഹാ... അപ്പോ അതിനാണല്ലേ ആ പാവങ്ങളെ ഓട്ടോയിൽ കയറ്റി ആട്ടി പായിച്ചേ...!"
"എടീ പൊട്ടത്തീ... അവര് എന്തിനാ പോയതെന്നാ അന്റെ വിചാരം..."
"എന്തിനാ... ആസ്യമ്മായിക് സുഖല്ലാന്ന് പറഞ്ഞീനതല്ലേ...! അതോണ്ട് കാണാൻ പോയേക്കാ.., എന്തേ...!!"
"പിന്നെ അമ്മായി അവടെ സക്കറാത്തിന്റെ (മരണ വെപ്രാളം) വലി വലിച്ചു കിടക്കല്ലേ...! ഇതൊക്കെ അവരെ ഓരോ ട്രിക്കല്ലേ... അടുത്ത ആഴ്ച ഞാൻ ജിദേക്ക് പോണതല്ലേ... അപ്പോ അയ്നു മുന്നേ നമ്മൾക്ക് രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും മുണ്ടീ പറഞ്ഞും ഇരിക്കാൻ അവരായി ഒരുക്കി തരണ അവസരാടീ ഇത്."
അതുകേട്ട് മുനീറ അറിയാതെ ചിരിച്ചുപോയി.
"വല്ലാത്ത ആള് തന്നെ ഇങ്ങള്... ഓലതൊന്നും (അവർ) ചിന്തിച്ചിട്ടേ ഉണ്ടാകുലാ..."
"എന്നാ ഓല് വന്നിട്ട് നീ നേരിട്ടെന്നെ ചോദിച്ചോക്ക് ട്ടോ..."
"ഉം.."
"എന്നാ നമ്മക്ക് തുടങ്ങല്ലേ...!!"
"എന്ത്...?"
"അത് പറയാൻ വിട്ടു, ഇന്ന് ഞാൻ അനക്ക് ഇഷ്ട്ടപ്പെട്ട വിഭവാ ഉണ്ടാക്കാൻ പോണത്..." അവൻ പോളിത്തീൻ കവറിൽ നിന്നും ഓരോന്നും പുറത്തെടുത്തു കൊണ്ട് പറഞ്ഞു.
"ആഹാ... എന്താ അത്...?"
"ഇയ്യെന്നെ പറ... ഞാൻ കേൾക്കട്ടെ...!"
"ങ്ങാ... കാരറ്റ് ഹൽവ...!"
"മാങ്ങാ തൊലി...!!!!" അവൻ എടുത്തോണ്ടിരുന്ന പണി മുഴുവൻ നിർത്തി അവൾക്കു നേരെ തിരിഞ്ഞു നിന്നു "ഈ നട്ടുച്ചക്ക് ആരേലും ഹൽവ ഉണ്ടാക്കി തിന്നുഓ ന്റെ പൊന്നാര മുന്യേ...?, ഇങ്ങനെ ഒരു മണ്ടത്തി ആയല്ലോ ഇയ്.!
നീയാ കീസിലേക്കൊക്കെ ഒന്നു നോക്കിയേ..., കേരറ്റിന്റെ ഒരു പോട്ടെങ്കിലും ഉണ്ടോ അതിൽ...?" അവൻ ഷോപ്പിംഗ് ബാഗെടുത്ത് അവൾക്കരികിലേക്ക് നീക്കി വച്ചു.
"ഇല്ലല്ലോ...!" അവളതിലേക്ക് പാളിനോക്കി കൈയ്യിട്ടു ചികഞ്ഞു ചിരിച്ചുകൊണ്ട് കുറ്റം സമ്മതിച്ചു.
"എന്നിട്ടും ഇത്ര കറക്റ്റായി നീ കാരറ്റ് ഹൽവാന്ന് തന്നെ പറഞ്ഞല്ലോ സമ്മതിച്ചു..."
"അതിന് എനിക്കറിയൂല്ലല്ലോ..."
"ഉം... ശരിയാ..., അന്നെ പറഞ്ഞിട്ട് കാര്യല്ല... വെറുതെയല്ല അന്നാ ഡോക്ടർ അങ്ങനെ പറഞ്ഞത്...!"
"ഡോക്ടർ പറയേ...! എന്ത്...?" അവൾ തല അൽപ്പം ചരിച്ചു അവന്റെ മുഖത്തേക്ക് പാളിനോക്കികൊണ്ടു ചോദിച്ചു.
"ലോകത്തുള്ള മൊത്തം പെണ്ണുങ്ങളും ഒരു ദിവസത്തിന്റെ തൊണ്ണൂറ് ശതമാനോം മണ്ടത്തരാ പറഞോണ്ടിരിക്കുന്നേന്ന്...!
"ആണോ...?" എന്നു ചോദിച്ചു കൊണ്ടവൾ തവിയെടുത്തു അവന്റെ മണ്ടക്കിട്ടൊന്നു പൊട്ടിച്ചു, ഒപ്പം ബാക്കികൂടി പറഞ്ഞു "എന്നിട്ട് ഇതുംകൂടെ പറഞ്ഞില്ലേ അതിന്റെ കൂടെ...? 'ബാക്കി പത്തു ശതമാനം നേരോം ആ പറഞ്ഞ പെണ്ണുങ്ങൾ ഇതുപോലെ മണ്ടത്തരം പ്രവർത്തിച്ചോണ്ടിരിക്കാ' ന്ന്.... "
"ആ......." തല വേദനയെടുത്തപ്പോൾ അവൻ കൈയുയർത്തി തല അമർത്തിതടവിക്കൊണ്ട് അവൾക്കുനേരെ സ്നേഹത്തോടെ തട്ടിക്കയറി "ഒന്ന് അടങ്ങിയിരിക്കെടീ അവടെ..."
അവൾ ചിരിച്ചു "ഓരോ എടാ കുടോം പറഞ്ഞോണ്ട് വന്നിരിക്കാ ആളെ കളിയാക്കാൻ... എന്നിട്ട് പേടിപ്പിക്കുന്നോ...?"
പറഞ്ഞു തീർന്നില്ല അതിനു മുന്നേ അവൾ അതേ തവികൊണ്ട് ഒന്നുകൂടി പൊട്ടിച്ചു പഴയ അതേ സ്ഥലത്തു തന്നെ.
"ഇന്റെ ബാപ്പാ....!!!" അവൻ കണ്ണുരുട്ടി.
"ഇനിയും കിട്ടണ്ടേൽ വേഗം ബിഡൽ നിർത്തി എന്താ ഇണ്ടാക്കാൻ പോണേന്ന് പറയീ...?"
അവൻ അവളെ അരികിലേക്ക് ചേർന്നു നിന്നു, എന്നിട്ട് ആ കാതുകളിലേക്ക് ചുണ്ടുകളടുപ്പിച്ചു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു "പറയട്ടെ...!"
"ഉ......മ്" അവന്റെ മീശരോമങ്ങൾ ഇക്കിളിപെടുത്തിയതുകാരണം അവളുടെ സമ്മതം വിറയാർന്ന ഒരു മൂളലായ് മാറിയിരുന്നു.
"എങ്കിലൊരുമ്മ താഡീ ഈ കവിളത്ത്... എന്നാ ഞാൻ ഇപ്പൊ പറയാ...!" അവനൊരു കള്ളച്ചിരിയോടെ കുസൃതി ഒപ്പിച്ച പോലെ പറഞ്ഞു.
"അയ്യടാ... അപ്പോ അതായിരുന്നു ഉദ്ദേശം... ല്ലേ...!?"
"ഉം...!" അവനൊരു വളിച്ചചിരിയോടെ സമ്മതിച്ചു.
"നടന്നതെന്നെ...!"
"അതെന്താ...! അങ്ങനെ പറയല്ലെടീ... പ്ലീസ്...!" അവൻ തലയിൽ കൈവച്ചു.
"എന്നാലേ എന്താ ഉണ്ടാക്കാൻ പോണേന്ന് പറ... എന്നിട്ട് ഞാനൊന്ന് ആലോചിക്കട്ടെ..."
"ബുഖാരി....!" അവന്റെ ആവേശം മുഴുവൻ പെട്ടെന്നു വന്ന ആ ബുഖാരിയിലുണ്ടായിരുന്നു.
"ഹ ഹ ഹ ഹാ....!!" അവളതുകേട്ടു കുലുങ്ങി ചിരിച്ചു.
"എന്താടീ ഇത്ര ചിരിക്കാൻ...!?"
"ഒന്നുല്ല..., എന്നാൽ വേഗം തുടങ്ങിക്കൊളീ... ബുഖാരി....!"
"അപ്പൊ ഞാൻ ചോദിച്ചത്...!!"
"എന്ത്...? അയ്യടാ... എന്നെ പറ്റിച്ചിട്ട് അവസാനം ഇങ്ങള് ഉണ്ടാക്കണത് കബ്‌സ ആയാലോ...? അപ്പോ ഞാൻ ശശി ആകുലേ...? ആദ്യം ബുഖാരി എന്നിട്ടു മതി വേറെ എന്തും" കുസൃതി ചിരി വിടാതെ അവൾ പറഞ്ഞു.
"ഉം... അപ്പോ ഈ ഞാൻ ശശി... അല്ലേ...?" മോഹബങ്ങപ്പെട്ടവനെപോലെ അവനവളെ തുറിച്ചു നോക്കി "എന്നാൽ ഇന്നു നിന്നെക്കൊണ്ട് ഞാൻ ബുഖാരി കഴിപ്പിച്ചേ അടങ്ങു...!" അവനും വാശിയായി. അല്ല വിട്ടുകൊടുക്കാൻ അവൻ വേറെ ജനിക്കണം.
"എന്റെ വല്ല ഹെൽപ്പും...?"
"ഹെൽപ്പ്.... ഒരു മണ്ണാംകട്ടേം വേണ്ട... നീ അടങ്ങി അവടെ ഇരിക്കുന്നേടത്ത് ഇരുന്നാ മതി.."
അവൻ എടുപടീന്ന് ഓരോന്ന് ഓടി നടന്നു ചെയ്യുന്നതിനിടയിൽ അവളെ ശ്രദ്ധിക്കാതെ പറഞ്ഞു.
"ഓക്കേ... ഞാൻ ഇവടെ ഇരുന്നോളാ..." അവൾ സമ്മതിച്ചു, ഒപ്പം എന്തോ ഓർത്തപോലെ പെട്ടെന്ന് അവനെ വെപ്രാളപ്പെടുത്താൻ വേണ്ടി വിളിച്ചു ചോദിച്ചു "യ്യോ... ദേ അരി കുതിർത്താൻ ഇട്ടില്ല...! ഞാനിടണോ...?"
"മിണ്ടാതെ ഇരുന്നോ അവിടെ... അതാ നിനക്ക് നല്ലത്..."
"എന്നാൽ വേണ്ട... അരി കുതിരാതെ ഇങ്ങള് ബുഖാരി ഉണ്ടാക്കണത് എനിക്കൊന്ന് കാണണല്ലോ...!"
"എന്ത്..." എടുത്തോണ്ടിരുന്ന പണി എല്ലാം നിർത്തി അവൻ തിരിഞ്ഞു നിന്നു.
"ഞാനിന്നു വരെ അരി കുതിർക്കാതെ ബുഖാരി ഉണ്ടാക്കിയാതായി കേട്ടിട്ടില്ല... ങ്ങാ എന്തായാലും ഇന്നിനി തിന്നാലോ...!"
"അങ്ങനെ ഒന്നുണ്ടോ...!" അവന്റെ പുരികം വില്ലുപോലെ വളഞ്ഞു വന്നു. "എന്നാ നോക്കി നിൽക്കാതെ ആ അരി എടുത്ത് വെള്ളത്തിലിടെഡീ..."
"അപ്പോ അതല്ലേ ഞാൻ നേരത്തെ ചോദിച്ചത്...?"
അവൻ ദയനീയമായി പ്രിയതമയെ ഒന്നു നോക്കി "ഇടെന്റെ ചക്കരേ...!!"
അതുകണ്ടവൾ അറിയാതെ ചിരിച്ചു പോയി "ഓക്കേ... ഓക്കേ... ഞാൻ ഇട്ടേക്കാം..."
പിന്നെ ഒന്നും ആലോചിച്ചില്ക്കാൻ നിന്നില്ല. റാഷിദ് വേഗം തക്കാളി ഉള്ളി (സവോള) കുറച്ചു പച്ചമുളക് തുടങ്ങി ഓരോന്ന് എടുത്ത് തലങ്ങും വിലങ്ങും ഓടി കാര്യങ്ങൾ ചെയ്തു തീർത്തുകൊണ്ടിരുന്നു.
"അപ്പൊ ഒരു അരമണിക്കൂർ... അതിനുള്ളിൽ ബുഖാരി റെഡി...!" അവൻ നേരെ നിന്നു ഉരക്ക് കൈകൊടുത്തു ഒരു നെടുവീർപ്പെടുത്തു.
മുനീറ സ്നേഹം സ്ഫുരിക്കുന്ന കണ്ണുകളോടെ അവനെ അടിമുടിയൊന്നു വീക്ഷിച്ചു. അവളുടെ മനസ്സും ശരീരവും സന്തോഷം കൊണ്ട് തുടികൊട്ടാൻ തുടങ്ങിയിരുന്നു.
"അര മണിക്കൂറോ...! അപ്പോ ഇഷ്ട്ടം പോലെ സമയണ്ടല്ലോ..., എന്നാ ഞാനൊരു കട്ടനിട്ടു തരട്ടെ...?"
"വേണ്ടാ... അതും ഞാൻ തന്നേ ഇട്ട് തരാ...!" അവൻ എതിർത്തു.
"എന്നാൽ.. ഓക്കേ..!" അവളത് അംഗീകരിച്ചു.
"ഏലക്കായ ഒക്കെ ഇട്ടു നല്ലോണം പാലൊക്കെ ഒഴിച്ചു നല്ല ഒന്നാന്തരം മുഹബത്തിന്റെ സുലൈമാനി... ഉസ്താദ് ഹോട്ടലിൽ തിലകൻ പറഞ്ഞീലെ... അതു പോലത്തതാ...!"
"അയ്യേ... സുലൈമാനിയിലാരാ റാഷിക്കാ പാലൊഴിക്കാ...! ഇങ്ങൾക്ക് ഒന്നും അറിയിലാ..., അതാ ഞാൻ പറഞ്ഞത് ചായ ഞാൻ തന്നെ ഉണ്ടാക്കാന്ന്..!"
"ഒന്നു പോഡി..., നിക്ക് അറിയാഞിട്ടല്ല..., ഇത് പാലൊക്കെ ഒഴിച്ചുള്ള ഒരു വെറൈറ്റി സുലൈമാനിയാ..., തിലകൻ പറഞ്ഞേന്റെ വേറൊരു വേർഷൻ... സത്യം പറഞ്ഞാ ഈ സൗദിയാൾക്കൊക്കെ ഭയങ്കര ഇഷ്ട്ടാത്, എന്തിന് എന്റെ റൂമിലുല്ലോരൊക്കെ യെടക്കെടക്ക് എന്നെകൊണ്ട് ഈ ചായ ഉണ്ടാക്കിക്കും..., ന്നാ പോരെ അനക്ക് (ഓന്റെ റൂമിലുല്ലോര് ആരെങ്കിലും ഇതു വായിക്കുന്നുണ്ടേൽ 'ഓനോട്' അങ് ക്ഷമിച്ചാളീ.. ഈ സംസാരം മാത്രേ ഒള്ളൂ... ആളൊരു പാവം ചെക്കനാ..)
സത്യം പറഞ്ഞാ ആ പറഞ്ഞത് മ്മടെ മുനീറ അപ്പടി വിശ്വസിച്ചു പോയിന്നു പറയാലോ, ഓളെ പറഞ്ഞിട്ട് കാര്യല്ലല്ലോ അമ്മാതിരി തള്ളല്ലേ ചെക്കൻ തള്ളിയത്.
ചുരുക്കി പറഞ്ഞാ രണ്ടു ഗ്ലാസ് ആവി പറക്കുന്ന മോഡേൺ സുലൈമാനിയുമായി പ്രിയതമയോടൊപ്പം അടുക്കളയിൽ നിന്നും പാസ്സേജിലൂടെ നടക്കാൻ തുടങ്ങിയപ്പോ മ്മടചെക്കൻ വീണ്ടും പഴയ ആ വിഷയത്തിലേക്കു ശ്രദ്ധ തിരിച്ചു കൊണ്ടുവന്നു.
"മുനീ...!"
"ഉ...മ്...!"
"അപ്പളേ... ഞാൻ നേരത്തെ ചോദിച്ചത്....!" അവളുടെ പിറകിലൂടെ പതിയെ കൈ വരിഞ്ഞു ചുറ്റി കൊണ്ടവൻ അവളെ കൂടുതൽ തന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടു ചോദിച്ചു.
മുനീറ ഒളികണ്ണിട്ട് ആ കൈകളിലേക്ക് പാളി നോക്കിക്കൊണ്ട് നടത്തം നിർത്തി. എന്നിട്ട് ഒന്നും അറിയാത്ത അദ്‌ഭുതം സ്ഫുരിക്കുന്ന കണ്ണുകളോടെ ചോദിച്ചു.
"ഇതെന്താ റാഷിക്കാ ഇങ്ങള് ഇങ്ങനെ... ആന കൊതിയനെപ്പോലെ...?"
ആ ഒരൊറ്റ ചോദ്യത്തോടെ അവനും നടത്തം നിർത്തി കഴിഞ്ഞിരുന്നു, ശേഷം കയ്യിലുള്ള ചായ ഗ്ലാസ് താഴെവച്ചു വെട്ടിതിരിഞ്ഞു പ്രിയതമയെ കോരിയെടുത്തു.
"ന്റ മ്മേ.... ന്റെ ചായ...!" അവൻ വലിച്ചു പൊക്കിയപ്പോ കൈപ്പിടിയിൽ നിന്നും തെന്നി നിലത്തു വീണു ചിതറിപ്പോയ ഗ്ലാസ്സിലേക്ക് നോക്കി അവൾ അലറുംപോലെ വിളിച്ചു പറഞ്ഞു.
അവനാരാ മോൻ...! അതു ഗൗനിച്ചതേ ഇല്ല എന്നു മാത്രമല്ല ഇത്രയുംകൂടി കിതച്ചുകൊണ്ട് അവളുടെ കാതിൽ പറഞ്ഞൊപ്പിച്ചു "ഇല്ലാത്ത ലീവ് പറഞ്ഞുണ്ടാക്കി ജിദേന്ന് വിമാനം കയറി ഇവടെ എത്തിയ എന്നോട് ഇങ്ങനെ തന്നെ ചോദിക്കണം നീയ്... ട്ടോ മുന്യേ...!!!".
ചുരുക്കി പറഞ്ഞാ നിങ്ങൾക്കും ഇല്ലേ മുനി ചോതിച്ചപോലെ ആ സംശയം...!?.
ഉണ്ടാകും... ഉണ്ടാകും..., ഇല്ലതിരിക്കൂല, കാരണം നിങ്ങളാരും പ്രവാസി ആയില്ലല്ലോ.
പക്ഷെങ്കിൽ അതറിയണേലെ നിങ്ങളെല്ലാരും ഒരു പ്രവാസി ആയി മാറണം, അപ്പഴേ നിങ്ങൾക്കൊക്കെ അതിന്റെ വിഷമവും അതിലുപരിയാ അനുഭൂതിയും തിരിച്ചറിയാൻ കഴിയൂ.
തൽക്കാലം നമുക്ക് മുനിയെയും അവളുടെ റാഷിക്കാനെയും അവരുടെ ലോകത്തേക്ക് വിടാം, എന്നിട്ട് കറക്ട് ഒരു അര മണിക്കൂർ കഴിഞ്ഞു വരാം. എന്താ....?
അപ്പഴേക്കും എന്തായാലും ബുഖാരി റെഡി ആകും, ഇനി അഥവാ ബുഖാരി ആയില്ലേലും നല്ല രുചി ഉള്ള വേറെ എന്തേലും വെറൈറ്റി ഐറ്റം ആയി മാറിയിരിക്കും അത്, ഉറപ്പാ. കാരണം നമ്മുടെ റാഷിദേ... ഓനൊരു നമ്പർ വൺ പ്രവാസിയാ...!!!!
ശുഭം
••••
രചന : ഷാൻ ബാബു ഓടക്കൽ

No comments:
Post a Comment